.നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനു നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഐ എം നേതാവ് പി ജയരാജന്‍. ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്. അദ്ദേഹത്തിന് എതിരെ വരുന്ന ഏത് നീക്കത്തേയും ജനം പ്രതിരോധിക്കുമെന്നും പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.
ഗണപതിയെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം യുവമോര്‍ച്ച തലശേരിയിൽ സംഘടിപ്പിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ് ഷംസീറിനെതിരെ ഭീഷണി മുഴക്കിയിരുന്നു. പ്രസംഗത്തിനിടെ ഷംസീറിനെതിരെ യുവമോർച്ച നേതാവ് കൊലവിളിയും നടത്തി. ഗണപതിയെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു യുവമോര്‍ച്ച നേതാവിന്റെ പ്രഖ്യാപനം.
കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈ പോയത് പോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാകാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും ഗണേഷ് പ്രസംഗത്തിൽ ഭീഷണി മുഴക്കി. എംഎൽഎയുടെ ഓഫീസിൽ ചുണക്കുട്ടികളായ യുവമോർച്ചക്കാർ കയറി കൈ വെട്ടും എന്നും യുവമോർച്ച നേതാവ് ഭീഷണി മുഴക്കിയിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നു ആരോപിച്ചുള്ള പ്രതിഷേധ പരിപാടിയിൽ ആയിരുന്നു പ്രകോപന പരാമർശം. ഗണേഷിന്റെ പ്രസംഗത്തിന് മറുപടി എന്നോണമാണ് തലശേരിയിൽ സേവ് മണിപ്പൂര്‍ പരിപാടിയിൽ പി ജയരാജൻ മറുപടി നൽകിയത്.
സ്‌പീക്കർ എ എൻ ഷംസീർ ഒരു ചടങ്ങിൽ നടത്തിയ പ്രസംഗത്തെ ദുർവ്യാഖ്യാനിച്ച് ഹിന്ദുവിരുദ്ധമായി ചിത്രീകരിക്കുകയാണ്. ഉത്തരവാദിത്ത ബോധത്തോടെയാണ് ഭരണഘടനാപദവിയിലിരിക്കുന്ന ഷംസീർ സംസാരിച്ചത്. ഐതിഹ്യങ്ങളെയോ പുരാണങ്ങളെയോ ദൈവങ്ങളെയോ എ എൻ ഷംസീർ ആക്ഷേപിച്ചിട്ടില്ല.
എ എൻ ഷംസീർ ജനിച്ച മതത്തിന്റെ പേരടക്കം പറഞ്ഞ് വിദ്വേഷം പ്രചരിപ്പിക്കാനാണ് യുവമോർച്ചക്കാർ ശ്രമിച്ചത്. എ എൻ ഷംസീർ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അദ്ദേഹത്തിനെതിരായ ഏതൊരു നീക്കത്തെയും ജനം പ്രതിരോധിക്കും. ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ചാൽ അതിശക്തമായ ജനകീയ പ്രതിഷേധമുണ്ടാവും. എംഎൽഎ ഓഫീസിൽ കയറും കൈവെട്ടും തെരുവിൽ നേരിടുമെന്നൊക്കെയുള്ള യുവമോർച്ച നേതാവിന്റെ ഭീഷണി കൈയിൽവച്ചാൽ മതി. ജോസഫ് മാഷുടെ കൈവെട്ടിയത് പോലെ സ്‌പീക്കർ എ എൻ ഷംസീറിന് നേരെ വന്നാൽ യുവമോർച്ചക്കാർ വിവരമറിയുമെന്നും പി ജയരാജൻ പറഞ്ഞു.