മലയാളത്തിന്റെ “ചിത്രഗീതം” അറുപതിന്റെ നിറവിൽ

0
127

തെന്നിന്ത്യ എന്നും മാധുര്യത്തോടെ മാത്രം കേട്ടിരിക്കുന്ന “ചിത്രരാഗത്തിന്’ അറുപത്. ഭാഷയും ലോകവും ഒക്കെ മറികടന്ന ഗാനങ്ങൾ സംഗീതാസ്വാദകർക്ക് പകർന്നുനൽകിയ കെ എസ് ചിത്രക്ക് അറുപതാം പിറന്നാളിൽ കലാലോകം ഒന്നടങ്കം ജന്മദിനാശംസ നേർന്നു. മലയാളത്തിന്റെ ചിത്രച്ചേച്ചി, തമിഴകത്തിന് ചിത്രാമ്മ, കന്നഡത്തിന് ചിത്രക്കാ അങ്ങനെ എല്ലാവർക്കും അത്രമേൽ പ്രിയപ്പെട്ട രാഗം തന്നെയാണ് കെ എസ് ചിത്ര. ദക്ഷിണേന്ത്യയിൽ നൈറ്റിംഗേൽ, ഉത്തരേന്ത്യയിൽ പിയ ബസന്തി, കേരളത്തിൽ വാനമ്പാടി, തമിഴ്നാട്ടിൽ ചിന്നക്കുയിൽ, കർണ്ണാടകയിൽ കന്നഡകോഗിലേ, തെലങ്കാനയിൽ സംഗീതസരസ്വതി എന്നിങ്ങനെയാണ് ചിത്രയുടെ പേരുകൾ.

നാല് പതിറ്റാണ്ടിലേറെയായി അതീവ ഹൃദ്യമായും ഇമ്പത്തോടെയും കേട്ടുകൊണ്ടിരിക്കുന്ന ശബ്ദമാണ് കെ എസ് ചിത്രയുടേത്. ആകാശവാണിയിൽ ചലച്ചിത്രഗാനങ്ങൾ എന്ന പരിപാടിയിൽ ഗായിക എന്ന് പറയുമ്പോൾ തന്നെ മലയാളികൾ ചിത്ര എന്ന് തിരിച്ചുപറയുമായിരുന്നു. ആ പതിവിനു ഇന്നും ഒരു മാറ്റവുമില്ല. ഇതുതന്നെയാണ് ചിത്രയെന്ന ഗായികയെ വേറിട്ടുനിർത്തുന്നത്. അംഗീകാരങ്ങളും പെരുമയും ഒന്നിനിപിറകേ ഒന്നായി തേടിവരുമ്പോഴും ആ നിറഞ്ഞ ചിരി തന്നെയാണ് ചിത്രയുടെ മുഖത്തെപ്പോഴും.

1978 ലെ കലോത്സവ വേദിയില്‍ നിന്നാണ് ചിത്രയെന്ന അതുല്യ ഗായികയുടെ തുടക്കം. തിരുവനന്തപുരത്തെ സംഗീത കുടുംബത്തിൽ ജനിച്ച ചിത്രക്ക് അച്ഛൻ കൃഷ്‍ണൻനായർ ആയിരുന്നു വഴികാട്ടി. ചെറിയ പ്രായത്തില്‍ പാട്ടിൽ മികവ് പുലർത്തിയ ചിത്ര സംഗീത വിദുഷി പ്രൊഫ. കെ ഓമനക്കുട്ടിയുടെ പ്രിയ ശിഷ്യയായി മാറി.

എം ജി രാധാകൃഷ്ണൻ സംഗീത സംവിധാനം ചെയ്ത അട്ടഹാസമെന്ന ചിത്രത്തിൽ ചെല്ലം ചെല്ലം എന്ന ഗാനം പാടിയാണ് 1979ൽ കെ എസ് ചിത്ര ആദ്യമായി മലയാള സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. എന്നാൽ ആ സിനിമ പുറത്തിറങ്ങാൻ ഒരുവർഷത്തോളം എടുത്തപ്പോൾ എം ജി രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തിൽ പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ അരികിലോ അകലെയോ എന്ന ഗാനമാണ് ചിത്രയുടെ ആദ്യ ഗാനമായി കണക്കാക്കപ്പെടുന്നത്. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ രജനീ പറയൂ, പ്രണയവസന്തം തളിരണിയുമ്പോള്‍ എന്നീ ഗാനങ്ങളാണ് ചിത്രയെന്ന ഗായികയെ തുടർന്ന് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയത്.
പിന്നീടൊരിക്കലും ചിത്രഗീതം തന്നെയായിരുന്നു തെന്നിന്ത്യൻ സിനിമകളിൽ. ഏത് ഭാഷയാണെങ്കിലും അതേ ഉച്ചാരണശുദ്ധിയോടെ പാടാൻ കഴിയുന്ന അപൂർവം ഗായിക. എല്ലാ ഭാഷകളിലും അതിന്റെ ഭാഷാശുദ്ധിയും ഉച്ചാരണമികവും ശൈലിയും ചോരാതെ പാടാനുള്ള പ്രാവീണ്യം ചിത്രക്കുണ്ടായിരുന്നു.

അന്തരിച്ച പ്രമുഖ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം തന്നെ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. അന്നും ഇന്നും എന്നും തെന്നിന്ത്യൻ സിനിമാ സംഗീത പ്രേമികൾ ഏറ്റുപാടുന്ന പാട്ടുകൾ കെ എസ് ചിത്രയുടെയത് തന്നെയാണ്.


നാല്പത് വർഷത്തിലേറെയായി ഹൃദ്യമായി കേട്ടുകൊണ്ടിരിക്കുകയാണ് സംഗീത ലോകം ചിത്രയെ. മികച്ച ഗായികയ്‍ക്കുള്ള ദേശീയ അവാര്‍ഡ് ചിത്രയ്‍ക്ക് ആറ് പ്രാവശ്യം ലഭിച്ചു. കേരള സംസ്ഥാന പുരസ്‍കാരം 16 തവണയും ലഭിച്ചു. 9 തവണ ആന്ധ്രാ സംസ്ഥാന സർക്കാരിന്റെ അവാർഡ്, 4 തവണ തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ അവാർഡ്, 3 തവണ കർണാടക സംസ്ഥാന സർക്കാരിന്റെ അവാർഡ്, 1997ൽ കലൈമാമണി, 2005ൽ പത്മശ്രീ, 2021-ൽ പദ്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചു.

ഇന്ത്യയിൽ ഏറ്റവുമധികം അവാർഡുകൾ നേടിയ ഗായിക. തുടർച്ചയായി പതിനൊന്നു വര്‍ഷം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. തെന്നിന്ത്യയിലെ നാലു ഭാഷകളിലും മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരങ്ങൾ. ലതാ മങ്കേഷ്കറിനു ശേഷം ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പാടിയ ഇന്ത്യന്‍ ഗായിക.

എത്രയേറെ അംഗീകാരങ്ങളെത്തുമ്പോഴും അത്രയും എളിമയേറും ചിത്രയ്ക്ക്. തകർക്കാനൊക്കാത്ത ഈ റെക്കോർഡുകളേക്കാൾ മനുഷ്യഹൃദയങ്ങളിലെ സ്വീകാര്യത കൊണ്ടാണ് ഈ ഗന്ധർവ ഗായിക അംഗീകരിക്കപ്പെട്ടത്.
പാട്ടുകാരിയായില്ലായിരുന്നുവെങ്കിൽ താൻ അധ്യാപികയാകുമായിരുന്നുവെന്ന് ചിത്ര പറയുന്നു. അധ്യാപനം തന്റെ ഇഷ്ടപ്പെട്ട മേഖലയാണെന്നും ആ വഴി തന്നെ തെരഞ്ഞെടുത്തേനെയെന്നും ചിത്ര പങ്കുവച്ചു. എന്നാൽ അധ്യാപനലോകത്തേക്ക് ചിത്രയെ വിടാൻ സംഗീതാരാധകർ തയ്യാറായില്ല. അറുപതിന്റെ നിറവിലും ആ ചിത്രരാഗം ഒഴുകുകയാണ്, മലയാളിയുടെ ഹൃദയരാഗമായി.
മലയാളത്തിന്റെ നാദശലഭത്തിന്, കെ എസ് ചിത്രക്ക് നേരറിയാൻ.കോമിന്റെ ജന്മദിനാശംസകൾ.