Wednesday
17 December 2025
31.8 C
Kerala
HomePravasiയൂസഫലി ഇടപെട്ടു; ബഹ്‌റൈനില്‍ 10 മാസത്തിലേറെയായി നിയമക്കുരുക്കില്‍ കുടുങ്ങിയ മലപ്പുറം സ്വദേശിയുടെ മൃതദേഹം ഖബറടക്കി

യൂസഫലി ഇടപെട്ടു; ബഹ്‌റൈനില്‍ 10 മാസത്തിലേറെയായി നിയമക്കുരുക്കില്‍ കുടുങ്ങിയ മലപ്പുറം സ്വദേശിയുടെ മൃതദേഹം ഖബറടക്കി

പത്ത് മാസത്തിലേറെയായി ബഹ്‌റൈനിലെ നിയമകുരുക്കില്‍ കുടുങ്ങിയ മലപ്പുറം പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ (53) മൃതദേഹം ഒടുവില്‍ ബഹ്‌റൈന്‍ അധികാരികള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ശ്രമകരമായ ഇടപെടലിന് ഒടുവിലാണ് അതിസങ്കീര്‍ണമായ നിയമനടപടികള്‍ ഒഴിവായത്. ഇതോടെ മാസങ്ങളോളം മൊയ്തീന്റെ ബന്ധുക്കള്‍ നേരിട്ട അനിശ്ചിതത്വം കൂടിയാണ് ഇല്ലാതാകുന്നത്.

പത്ത് മാസത്തിലേറെയായി മൃതദേഹം വിട്ടു കിട്ടാന്‍ മൊയ്തീന്റെ ബന്ധുക്കള്‍ സമീപിക്കാത്ത ഇടങ്ങള്‍ ഇല്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍, സംഘടനകള്‍ , രാഷ്ട്രീയ നേതൃത്വങ്ങള്‍ അടക്കം നിരവധി പേരുമായി ബന്ധപ്പെട്ടെങ്കിലും നീതി സാധ്യമായില്ല. ഇതിനൊടുവിലാണ് പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് മൊയ്തീന്റെ സഹോദരന്‍ എം എ യൂസഫലിയെ സമീപിച്ചത്.

 

സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ എം എ യൂസഫലി ഉടന്‍തന്നെ ഭരണാധികാരികളെ അടക്കം ബന്ധപ്പെടുകയും സങ്കീര്‍ണമായ നിയമനടപടികള്‍ ഒഴിവാക്കി മൃതദേഹം വിട്ടുനല്‍കാന്‍ അധികാരികള്‍ അനുമതി നല്‍കുകയുമായിരുന്നു.
കഴിഞ്ഞ 24 വര്‍ഷമായി മൊയ്തീന്‍ ഗള്‍ഫിലായിരുന്നു. ഏറ്റവും അടുത്ത ബന്ധുക്കളൊഴികെയുള്ളവരെ മൊയ്തീന്‍ ബന്ധപ്പെട്ടിരുന്നില്ല. 2022 ഒക്ടോബര്‍ 19ന് ബഹ്‌റൈനിലെ റോഡരികില്‍ മൊയ്തീനെ അവശ നിലയില്‍ കണ്ട പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിച്ചു. അടുത്ത ദിവസം ആശുപത്രിയില്‍ മൊയ്തീന്‍ മരിച്ചു.

അസ്വാഭാവിക മരണത്തിനു കേസ് എടുത്തശേഷം മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയിലേക്കു മാറ്റി. ഖബറടക്കാന്‍ മൃതദേഹം വിട്ടു കിട്ടാനായി ബന്ധുക്കള്‍ സമീപിച്ചെങ്കിലും നിയമകുരുക്ക് തടസമായി. കോടതി നടപടികള്‍ പൂര്‍ത്തിയാകാതെ വിട്ടുനല്‍കാനാകില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് മൊയ്തീന്റെ സഹോദരന്‍ മാളിയേക്കല്‍ സുലൈമാന്‍ എം എ യൂസഫലിയെ സമീപിച്ചത്. പിന്നാലെ സി ഐ ഡി ഓഫീസിലും, കോണ്‍സുലേറ്റിലുമായി ലുലു ഗ്രൂപ്പ് ജീവനക്കാര്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടു. എം എ യൂസഫലി ബഹ്‌റൈന്‍ ഉപ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടതോടെ ഫലം കണ്ടു.

സങ്കീര്‍ണമായ നിയമനടപടികള്‍ ലഘൂകരിച്ച് മൊയ്തീന്റെ മൃതദേഹം ബഹ്‌റൈന്‍ അധികാരികള്‍ സല്‍മാനിയ മോര്‍ച്ചറിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബന്ധുക്കളും ലുലു ഗ്രൂപ്പ് പ്രതിനിധികളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. ലുലു ബഹ്‌റൈന്‍ ആന്‍ഡ് ഈജിപ്ത് ഡയറക്ടര്‍ ജൂസര്‍ രൂപാവാല, ലുലു ബഹ്‌റൈന്‍ റീജിണല്‍ മാനേജര്‍ അബ്ദുള്‍ ഷുക്കൂര്‍, ലുലു ബഹ്‌റൈന്‍ ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് മൊയ്തീന്റെ ബന്ധുക്കള്‍ക്കൊപ്പം മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ബഹ്‌റൈനിലെ കുവൈത്ത് മസ്ജിദില്‍ ഖബറടക്കി.

RELATED ARTICLES

Most Popular

Recent Comments