3,000 ആഡംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ചു; ഇന്ത്യക്കാരൻ മരിച്ചു, രക്ഷപ്പെട്ടവരില്‍ മലയാളിയും

0
114

ജര്‍മനിയില്‍ നിന്നും ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു. മരിച്ചയാൾ ഇന്ത്യക്കാരനാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കപ്പലിൽ നിന്നും ചാടി രക്ഷപ്പെട്ടവരിൽ മലയാളിയും ഉള്ളതായി തിരിച്ചറിഞ്ഞു. കാസർകോട് പാലക്കുന്ന് ആറാട്ടുകടവ് സ്വദേശി ബിനീഷാണ് രക്ഷപ്പെട്ടത്. കപ്പലില്‍ 25 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജർമനിയിലെ ബ്രിമെർഹാവൻ തുറമുഖത്തുനിന്ന്‌ ഈജിപ്തിലെ സെയ്‌ദ്‌ തുറമുഖത്തേക്ക്‌ കാറുകൾ കൊണ്ടുപോവുകയായിരുന്ന ഫ്രെമാന്റിൽ ഹൈവേ എന്ന കപ്പലാണ്‌ അപകടത്തിൽപ്പെട്ടത്‌. നെതർലൻഡ്‌സിലെ അമലാൻഡ്‌ ദ്വീപിനു സമീപമായിരുന്നു അപകടം. കപ്പലില്‍ 3,000 കാറുകളുണ്ടായിരുന്നു. കപ്പലിലെ ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്.

തീപടര്‍ന്നു പിടിക്കാൻ തുടങ്ങിയതോടെ മിക്കവരും കടലിലേക്ക് ചാടി രക്ഷപ്പെട്ടു. ആദ്യം തീ പടർന്നപ്പോൾ തന്നെ ഏഴുപേർ കടലിലേക്ക് എടുത്തുചാടി. അപകടസന്ദേശം ലഭിച്ച ഡച്ച് കോസ്റ്റ്ഗാര്‍ഡിന്റെ ആദ്യസംഘം എത്തിയാണ് ഏഴ് കപ്പൽ ജീവനക്കാരെയും രക്ഷിച്ചത്.

 

അപകടത്തിൽ മരിച്ച കപ്പൽ ജീവനക്കാരൻ ഇന്ത്യൻ പൗരൻ ആണെന്ന് നെതർലാൻഡ്‌സിലെ ഇന്ത്യൻ എംബസി അറിയിച്ചു. അപ്രതീക്ഷിതവും ദാരുണവുമായ സംഭവത്തിൽ ഇന്ത്യൻ പൗരന് ജീവൻ നഷ്ടപ്പെട്ടതായതും മറ്റു ജീവനക്കാരെ രക്ഷിച്ചതായും ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. മരിച്ചയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എംബസി അധികൃതർ വ്യക്തമാക്കി.

കപ്പലിൽ ഉണ്ടായിരുന്ന ഇലക്ട്രിക്ക് കാറുകളിൽ ഒന്നിന് തീ പിടിച്ചിരിക്കും എന്നാണു പ്രാഥമിക നിഗമനം. ഇത് പിന്നീട് മറ്റു കാറുകളിലേക്കും പടരുകയായിരുന്നു. അപകടത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് ഡച്ച് കോസ്റ്റ്ഗാർഡ് വക്താവ് ലിയാ വേർസ്റ്റീഗ് പറഞ്ഞു. ആദ്യം തീ പടർന്നത് എങ്ങനെ എന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. ഷോർട് സർക്യൂട്ട് ആണെന്നോ അല്ലെന്നോ എന്നൊന്നും ഇപ്പോൾ പറയാനാകില്ലെന്നും അവർ പറഞ്ഞു.

 

ചാടി രക്ഷപ്പെടാൻ ശ്രമിച്ച ചിലരെ രക്ഷപ്പെടുത്തിയതായും മറ്റുള്ളവർക്ക്‌ പരിക്കേറ്റതായും ഡച്ച്‌ തീരസേന അറിയിച്ചു. നെതര്‍ലൻഡ്സ് കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍ വെള്ളം കൂടുതല്‍ ഒഴിക്കുന്നത് കപ്പല്‍ മുങ്ങാനിടയാക്കുമോ എന്ന ആശങ്കയുണ്ട്. കപ്പൽ മുങ്ങുന്നത്‌ തടയാനുള്ള ശ്രമം പുരോഗമിക്കുന്നു. ബോട്ടുകളും ഹെലികോപ്‌റ്ററുകളും ഉപയോഗിച്ചാണ്‌ രക്ഷാപ്രവർത്തനം.