ഇഡി, സിബിഐ, ഇൻകം ടാക്സ് എന്നിവയാണ് എൻഡിഎയിലെ പ്രധാന പാർട്ടികൾ; ബിജെപിയെ കണക്കിന് പരിഹസിച്ച് ഉദ്ധവ് താക്കറെ

0
149

സിബിഐ, ഇഡി, ഇൻകം ടാക്സ് എന്നിവയാണ് എൻഡിഎയെയിലെ പ്രധാന കക്ഷികളെന്ന് ബിജെപിയെ പരിഹ​സിച്ച് ശിവസേന ഉദ്ധവ് വിഭാ​ഗം നേതാവ് ഉദ്ധവ് താക്കറെ. ‘എൻഡിഎയിൽ 36 പാർട്ടികളുണ്ട്. ഇ ഡി, സിബിഐ, ഇൻകം ടാക്സ് എന്നിവ മാത്രമാണ് എൻഡിഎയിലെ മൂന്ന് ശക്തമായ കക്ഷികൾ. മറ്റ് പാർട്ടികൾ എവിടെ? ചില പാർട്ടികൾക്ക് ഒരു എംപി പോലും ഇല്ല- ശിവസേന മുഖപത്രമായ സാംമ്നയുടെ എക്സിക്യൂട്ടീവ് എഡിറ്റർ സഞ്ജയ് റാവുത്തിന് ന‍‌‌ൽകിയ അഭിമുഖത്തിൽ ഉദ്ധവ് താക്കറെ പരിഹസിച്ചു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ സഖ്യത്തെപ്പറ്റി പറഞ്ഞ് ബിജെപി രംഗത്തുവരും. ആ സമയത്ത് മാത്രമാണ് ബിജെപി രാഷ്ട്രീയ സഖ്യത്തെക്കുറിച്ച് ചിന്തിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബിജെപിക്ക് മോഡി സർക്കാറില്ല, മറിച്ച് എൻഡിഎ സർക്കാരാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടനത് മോഡി സർക്കാരായി മാറുമെന്നും ഉദ്ധവ് താക്കറെ കളിയാക്കി. ഏക സിവിൽ കോഡ് കൊണ്ടുവരുന്നതിന് മുമ്പ് കശ്മീർ മുതൽ കന്യാകുമാരി വരെ ​ഗോവധ നിരോധനം കൊണ്ടുവരികയാണ് ബിജെപി ചെയ്യേണ്ടത്. നിയമത്തിന് മുമ്പിൽ എല്ലാവരും സമന്മാരാണെങ്കിൽ അഴിമതിക്കാരായ ബിജെപി നേതാക്കളേയും ശിക്ഷിക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നില്ല. മണിപ്പൂർ കലാപത്തിന് കാരണം കേന്ദ്ര സർക്കാരാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.
ശിവസേനയെ പിളർത്തിയവർ അത് നശിക്കുമെന്ന് കരുതിയിരുന്നു എന്നാൽ അത് വീണ്ടും ഉയരുകയാണെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഉൾപ്പെടെ 16 ശിവസേന എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ഹർജിയിൽ സംസ്ഥാന നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ നീതി പുലർത്തിയില്ലെങ്കിൽ തന്റെ പാർട്ടിക്കായി സുപ്രീം കോടതിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുമെന്നും താക്കറെ കൂട്ടിച്ചേർത്തു.