ഡോ. വന്ദനദാസിനെ 17 തവണ കുത്തി, ആക്രമിച്ചത് ശസ്ത്രക്രിയ കത്രിക കൊണ്ട്

0
157

കൊട്ടാരക്കര ആശുപത്രിയിൽ ഡോ. വന്ദനാദാസിനെ കൊലപ്പെടുത്തിയത് സർജിക്കൽ സിസേഴ്സ് ഉപയോഗിച്ചാണെന്ന് ക്രൈംബ്രാഞ്ച്. സർജിക്കൽ സിസേഴ്സ് ഉപയോ​ഗിച്ചാണ് കുത്തിയതെന്നും കണ്ടെത്തി. 17 മുറിവാണ് വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്. കേസിൽ 15 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകുമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ ക്രൈെംബ്രാഞ്ച് ഡിവൈഎസ്‌പി എം എം ജോസ് പറഞ്ഞു. വന്ദനദാസിന്റെ രക്തം പ്രതി സന്ദീപിന്റെ വസ്ത്രങ്ങളിൽ ഉണ്ടെന്ന ശാസ്ത്രീയ പരിശോധനാഫലവും മറ്റു തെളിവുകളുടെ പരിശോധനാഫലവും അന്വേഷണസംഘത്തിന് ലഭിച്ചു.
പൊലീസുകാരും ഹോം​ഗാർഡും ആശുപത്രി ജീവനക്കാരും ഉൾപ്പെടെയുള്ള ദൃക്‌സാക്ഷികളുടെയും നൂറിലേറെ സാക്ഷികളുടെയും മൊഴികളാണുള്ളത്. മെയ് 10ന് പുലർച്ചെ 4.30നാണ് കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഹൗസ് സർജനും മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥിനിയുമായ ഡോ. വന്ദനദാസിനെ (25) ചികിത്സയ്‌ക്ക് എത്തിയ സന്ദീപ് ക്രൂരമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. കൂടെയെത്തിയ ബന്ധു രാജേന്ദ്രൻപിള്ള, സിപിഐ എം ലോക്കൽ കമ്മിറ്റി അം​ഗം ബിനു, പൊലീസ് ഉദ്യോഗസ്ഥരായ ബേബി മോഹൻ, മണിലാൽ, അലക്സ് എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു.