യൂത്ത് കോൺഗ്രസിന് തിരിച്ചടി; സംഘടനാ തെരഞ്ഞെടുപ്പിന് സ്റ്റേ

0
164

യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിൽ സംഘടനാ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതി. സംഘടനയുടെ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളെ കണ്ടെത്താനുള്ള എല്ലാ തെരഞ്ഞെടുപ്പുകളും സ്റ്റേ ചെയ്തിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ ഭരണഘടനാപരമായല്ല തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോഴിക്കോട് കിണാശേരി മണ്ഡലത്തിലെ സ്ഥാനാർത്ഥി ഷഹബാസ് ആണ് കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത കോടതി വിഷയത്തിൽ വിശദമായ വാദം കേൾക്കാൻ മാറ്റി. എതിർകക്ഷികൾക്ക് കേസിൽ നോട്ടീസ് അയച്ചിട്ടുണ്ട്.

കോഴിക്കോട് കിണാശ്ശേരി സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവുമാണ് ഷഹബാസ്. സംഘടനാ ചട്ടം ലംഘിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നായിരുന്നു പരാതിക്കാരന്റെ വാദം. കൃത്യമായ ഒരു വോട്ടര്‍ പട്ടിക ഇല്ലാതെയാണ് ഇപ്പോള്‍ വോട്ട് രേഖപ്പെടുത്തുന്നത് എന്നും ആർക്കു വേണമെങ്കിലും വോട്ട് രേഖപ്പെടുത്താം എന്നുമായിരുന്നു ഷഹബാസിന്റെ പരാതി. ഇത് അംഗീകരിച്ച കോടതി തെരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് നിർത്തിവെയ്‌ക്കേണ്ട അവസ്ഥ വന്നതോടെ വലിയ രാഷ്ട്രീയ തിരിച്ചടിയാണ് യൂത്ത് കോൺഗ്രസിന് ഉണ്ടായിരിക്കുന്നത്.

സമവായ നീക്കത്തിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ സംസ്ഥാന നേതൃത്വവും കെപിസിസിയും. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് വേണമെന്ന ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. കൂടുതൽ വോട്ട് കിട്ടുന്നയാൾ പ്രസിഡന്റാകുന്ന പതിവ് രീതിക്ക് ഇക്കുറി മാറ്റവുമുണ്ട്. ആദ്യ മൂന്നു സ്ഥാനക്കാരെ അഭിമുഖം നടത്തി അതിൽ നിന്ന് പ്രസിഡന്റിനെ കണ്ടെത്തുന്നതാണ് പുതിയ മാർഗ നിർദ്ദേശം.

വര്‍ഷങ്ങളായി എ ഗ്രൂപ്പിന് ആധിപത്യമുള്ള സംഘടനാ സംവിധാനമാണ് യൂത്ത് കോണ്‍ഗ്രസിന്‍റേത്. ഇത് അട്ടിമറിക്കാൻ ഐ ഗ്രൂപ്പ് കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് തെരഞ്ഞെടുപ്പിലേക്ക് എ – ഐ ഗ്രൂപ്പുകൾ തമ്മിൽ നേരിട്ടാണ് മത്സരം. എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി അബിൻ വർക്കിയുമാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റുമുട്ടുന്നത്.

തെരഞ്ഞെടുപ്പില്‍ ലീഗ് പ്രവർത്തകരെ യൂത്ത് കോൺഗ്രസാക്കുന്നുവെന്ന പരാതിയും ഉയർന്നിരുന്നു. സ്ഥാനം ഉറപ്പിക്കാനും വോട്ട് പിടിക്കാനുമാണ് യൂത്ത് കോൺഗ്രസുകാർ അംഗത്വ വിതരണത്തിനായി ലീഗുകാരുടെ വീട് കയറിയത്. വലിയ വിവാദങ്ങൾക്ക് ഇത് വഴിയൊരുക്കിയിരുന്നു.