വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധിച്ചു, പൊലീസ് വെടിവെയ്പ്പ്; ഒരാൾ മരിച്ചു

0
161

ബിഹാറിൽ പ്രതിഷേധത്തിനിടെ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. ബിഹാറിലെ കതിഹാർ ജില്ലയിലാണ് സംഭവം. വൈദ്യുതി വില വർധിപ്പിച്ചതിനെതിരെയും അടിക്കടി വൈദ്യുതി ലഭിക്കാത്ത അവസ്ഥയ്‌ക്കെതിരെയുമാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടുകാർ ബാർസോയി ബ്ലോക്ക് ഓഫീസ് ഉപരോധിക്കുകയും റോഡിൽ കുത്തിയിരിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിച്ചതോടെ സംഘർഷവും അത് പിന്നീട് അക്രമത്തിലും കലാശിച്ചു. നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തി വീശി. അക്രമികളെ ഓടിച്ചുവിടാൻ പൊലീസിന് വെടിവെയ്‌ക്കേണ്ടിവന്നു. ഈ വെടിവയ്പിലാണ് 34 കാരൻ മരിച്ചത്. സംഭവത്തെത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടിട്ടുണ്ട്.