5000 രൂപയിൽ നിന്നും 12,000 കോടിയുടെ വാർഷികവരുമാനം; 40,000ലധികം തൊഴിലാളികൾ: ഇത് ഇന്ത്യകണ്ട ധനികരായ രണ്ട് കോഴികർഷകരുടെ കഥ

0
170
Mr. B. Soundararajan, Chairman,

ഇത് മലർപൊടികാരൻ കണ്ട സ്വപ്നം അല്ല. 200 കോഴികളെവെച്ച് കച്ചവടത്തിനിറങ്ങി ഇന്ന് രാജ്യത്തെത്തന്നെ ധനികരായ രണ്ട് സഹോദരങ്ങളുടെ കഥയാണ്. 1984ൽ 200 കോഴികളെ വളർത്തുടങ്ങിയവരുടെ കമ്പനി ഇന്ന് രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി 15,000 ഗ്രാമങ്ങളിൽ സാന്നിധ്യമറിയിച്ച് വ്യാപിച്ചുകിടക്കുന്നു. 40,000ലധികം കർഷകർ സുഗുണ ബ്രാൻഡിനു കീഴിൽ കോഴികളെ വളർത്തുന്നു. 5000 രൂപ മൂലധനത്തിൽനിന്നാണ് ഈ കാർഷിക സാമ്രാജ്യം ഇരുവരും കെട്ടിപ്പടുത്തത്. പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച് കമ്പനിയുടെ 2022–23ലെ വാർഷിക വിറ്റുവരവ് 12,000 കോടി രൂപയാണ്.

ബി സൗന്ദരരാജനും ജി ബി സുന്ദരരാജനും 1984-ൽ ഉദുമൽപേട്ടയിൽ 200 ബ്രോയിലർ കോഴികളുമായി ഒരു ഫാം തുടങ്ങി. 35 വർഷത്തിനുള്ളിൽ 10,750 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയായി സു​ഗുണ ഫുഡ്സ് മാറി. ഇന്ന് ഇന്ത്യയിലെ ഒന്നാം നമ്പർ ഇറച്ചിക്കോഴി ഉൽപ്പാദകരാണിവർ. ലോകത്തിലെ ഏറ്റവും മികച്ച 10 കോഴി വളർത്തൽ കമ്പനികളുടെ പട്ടികയിൽ ഇന്ന് കമ്പനിക്ക് സ്ഥാനമുണ്ട്. ഇന്ത്യയിലുടനീളം വിവിധ കോഴി ഉൽപ്പന്നങ്ങളും സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

1986ൽ പൗൾട്രി മേഖലയിൽത്തന്നെ ഒരു വിൽപന കമ്പനി ആരംഭിച്ചു.1990 ആയപ്പോഴേക്കും കോൺട്രാക്ട് ഫാമിങ് രീതിയിലേക്ക് സുഗുണ ചുവടുമാറ്റി. കർഷകരെ ഒരുമിച്ചുകൂട്ടിയുള്ള വിപ്ലവകരമായ ആ നീക്കം രാജ്യത്തുതന്നെ ആദ്യത്തേതായിരുന്നു. കോൺട്രാക്ട് ഫാമിങ് രീതിയിൽ കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, മരുന്നുകൾ, സാങ്കേതിക പിന്തുണ എല്ലാം കമ്പനി നൽകി. കൂട് നിർമിക്കുക, കോഴികളെ കാര്യക്ഷമതയോടെ വളർത്തുക എന്നിവയിരുന്നു കർഷകരുടെ ഉത്തരവാദിത്തം. അങ്ങനെ സുഗുണയിൽനിന്ന് സ്ഥിരമായ, കൃത്യമായ വരുമാനം കർഷകർക്ക് ഉറപ്പായി.

ബ്രോയിലർ ഫാമുകൾ, ഹാച്ചറികൾ, ഫീഡ് മില്ലുകൾ, സംസ്കരണ പ്ലാന്റുകൾ, മൃഗസംരക്ഷണ ഉൽപ്പന്നങ്ങൾ, പോഷകാഹാര സപ്ലിമെന്റുകൾ എന്നിവ കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കൃഷിയിലേക്കിറങ്ങിയ സൗന്ദരരാജന് പക്ഷേ തന്റെ ആദ്യ ഉദ്യമത്തിൽ വിജയിക്കാനായില്ല. പച്ചക്കറിക്കൃഷിയായിരുന്നു ആദ്യത്തെ സംരംഭം. പിന്നീടാണ് കോഴി വളർത്തൽ മേഖലയിലേക്ക് എത്തുന്നത്.

1990–97 കാലഘട്ടത്തിൽ കമ്പനി പതിയെപ്പതിയെ വളർന്ന് 7 കോടി വിറ്റുവരവിലേക്കുയർന്നു. ക്രമേണ തമിഴ്നാട്ടിൽ പരിചയമുള്ള പേരായി സുഗുണ ചിക്കൻ മാറി. 90കളുടെ അവസാനത്തോടെ 100 കോടി രൂപയുടെ വിറ്റുവരവിലേക്ക് കമ്പനി വളർന്നു. 2000 പിന്നിട്ടതോടെ കമ്പനി മറ്റു സംസ്ഥാനങ്ങളിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചു. പുതിയതും ആരോഗ്യകരവും വൃത്തിയുള്ളതുമായ മാംസം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി കമ്പനി ഒരു നവീകരിച്ച റീട്ടെയിൽ ശൃംഖല സ്ഥാപിച്ചു. ഇന്ന് “പൗൾട്രി ഇന്റഗ്രേഷൻ” വഴി “ഗ്രാമീണ ഇന്ത്യയെ ഊർജ്ജസ്വലമാക്കുക” എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

Mr. B. Soundararajan, Chairman, Suguna Group

2021–22ൽ 9,155.04 കോടിയും 2020–21ൽ 8739 കോടിയുമായിരുന്നു കമ്പനിയുടെ വിറ്റുവരവ്. 2021–22ൽ 358.89 കോടി അറ്റാദായവും നേടാൻ കമ്പനിക്കായി.