വേട്ടയാടൽ വാദക്കാരെ, ഓർമ്മയുണ്ടോ ലാവ്‌ലിൻ കേസ്

0
168

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സിപിഐ എം വേട്ടയാടാൻ ശ്രമിച്ചുവെന്ന് ആവർത്തിക്കുന്ന മാധ്യമങ്ങളും കോൺഗ്രസ് നേതൃത്വവും സമർത്ഥമായി മറച്ചുവെക്കുന്നത് ലാവ്‌ലിൻ കേസിലെ പ്രതികാര നടപടികൾ. നാഴികക്ക് നാല്പതുവട്ടം വേട്ടയാടൽ കഥ പറഞ്ഞ് കള്ളകണ്ണീർ പൊഴിക്കുന്ന കെ എം ഷാജഹാനും ഒക്കചങ്ങായിയായ ജനം ടി വിയും കെ സുധാകരനും വി ഡി സതീശനുമൊക്കെ ലാവ്‌ലിൻ കേസ് വിഷയം മിണ്ടുന്നേയില്ല. മനോരമാദി പത്രങ്ങളും ഇതേപ്പറ്റി ക മ എന്നൊരക്ഷരം ഇതുവരെ ഉരിയാടിയിട്ടുമില്ല. ഇല്ലാത്ത വിവാദം പൊക്കിക്കൊണ്ടുവന്നു മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളിലൂടെ നിരന്തരം വാർത്താ കൊടുപ്പിച്ച് പിണറായി വിജയനെ വേട്ടയാടാൻ ശ്രമിച്ചത് ഉമ്മൻ‌ചാണ്ടി ആണെന്ന കാര്യവും മാധ്യമങ്ങൾ ഇപ്പോൾ മറച്ചുവെക്കുന്നു.

മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ‌ചാണ്ടി തന്നെ ലാവ്‌ലിൻ വിഷയം വിവാദമാക്കി ഉയർത്തിക്കൊണ്ടുവന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടാൻ ശ്രമിച്ചു എന്നത് കേരള രാഷ്ട്രീയം പഠിക്കുന്ന ആർക്കും മനസിലാക്കാം. എന്നിട്ടും ഇതുമറച്ചുവെച്ച് ബോധപൂർവം സിപിഐ എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വേട്ടയാടുകയാണ് മാധ്യമങ്ങൾ. ലാവ്‌ലിൻ കേസിൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ കടുത്ത പ്രതികാര ബുദ്ധിയോടെ ആയിരുന്നു. 2006 ന്റെ തുടക്കത്തിൽ ലാവലിൻ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും വിജിലൻസ് അന്വേഷണം തൃപ്‌തികരമാണെന്നും അന്നത്തെ യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയുണ്ടായെങ്കിലും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സർക്കാരും പിന്നീടങ്ങോട്ട് പിണറായിയെ വേട്ടയാടുകയാണ് ചെയ്‌തത്.

2006 ഫെബ്രുവരി 10 നാണ് ലാവലിൻ കേസിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ലാവലിൻ കേസിൽ എങ്ങനെ അന്വേഷിച്ചിട്ടും പിണറായിയെ പെടുത്താൻ കഴിയാതെ വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് ഉമ്മൻ ചാണ്ടിയെ നിരാശനാക്കി. പിണറായി വിജയനെ ഏതുവിധേനയും രാഷ്‌ട്രീയമായി വേട്ടയാടുക എന്നതായിരുന്നു കോൺഗ്രസ്സിന്റെയും യുഡിഎഫിന്റെയും തീരുമാനം. പാർലമെന്ററി രംഗത്ത് പിണറായി വരാതിരിക്കാനുള്ള ഏതു മാർഗവും തേടാൻ അവർ തയാറായി. വിജിലൻസ് റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ പ്രകോപിതനായ ഉമ്മൻ ചാണ്ടി റിപ്പോർട്ട് സമർപ്പിച്ച വിജിലൻസ് ഡയറക്‌ടർ ഉപേന്ദ്ര വർമ്മയോട് പകപോക്കൽ സമീപനം സ്വീകരിക്കുകയുണ്ടായി. ഇതിനുപിന്നാലെ. നിയമസഭാ തെരഞ്ഞെടുപ്പ് ചട്ടം പ്രാബല്യത്തിൽ വരുന്ന ദിവസം നടന്ന അവസാന മന്ത്രിസഭാ യോഗത്തിൽ ലാവലിൻ കേസ് സിബിഐയ്ക്ക് വിടാൻ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിക്കുകയായിരുന്നു. 2006 മാർച്ച് 1 നാണ് ലാവലിൻ കേസ് അന്വേഷണം സിബിഐക്ക് കൈമാറുവാൻ തീരുമാനിച്ചത്. ഉച്ചയ്‌ക്ക് ശേഷമായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം. രാവിലത്തെ കാബിനറ്റിൽ തന്നെ ഉമ്മൻ ചാണ്ടി ലാവലിൻ കേസ് സിബിഐക്ക് വിടാനുള്ള ഫയൽ നീക്കി.

പിണറായിക്കെതിരെ വിചാരണ പോലും വേണ്ടെന്നു വിധിച്ച്‌ സിബിഐ കോടതി കേസ് തള്ളി. പിന്നാലെ ഹൈക്കോടതിയും ഈ വിധി ശരിവച്ചു. ഇതിനുശേഷം സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും പതിമൂന്നാം തവണയും കേസ് മാറ്റിവെച്ചു. സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ, കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളും ചില അശ്ളീല മഞ്ഞ ഓൺലൈനുകളും ഇല്ലാക്കഥകൾ കെട്ടിയുയർത്തി. ഷാജഹാനും ക്രൈം നന്ദകുമാറും വരെ ചർച്ചകളിൽ സജീവമായി. കെ എം ഷാജഹാൻ പലതവണ ജനം ടിവിയിലും സ്വന്തം യുട്യൂബ് ചാനലിലും ‘ഇലക്ട്രിഫിക്കേഷന്റെ’ ആറാട്ട് നടത്തി. ഒടുക്കം സംഗതി വെള്ളത്തിൽ വരച്ച വര പോലെയായി ഈ വാർത്തകളുടെ ഗതി. ഇത്രയും ഗതികേട്ടിട്ടും ലാവ്ലിന്റെ പേരിലുള്ള ഇല്ലാക്കഥകൾ പിൻവലിക്കാൻ ഈ ഓൺലൈൻ മാധ്യമങ്ങൾ തയ്യാറായില്ല എന്നതാണ് മറ്റൊരു ദുര്യോഗം. അവർ സ്വന്തം ഇലക്ട്രിഫിക്കേഷൻ വാർത്ത വായിച്ച് പുളകം കൊള്ളുന്നു.

ഇത്രയേറെ തിരിച്ചടികൾ ഉണ്ടായിട്ടും ഒരു ഉളുപ്പും ഇല്ലാതെ വേട്ടയാടൽ കഥ കൊണ്ടുനടക്കുകയാണ്. ഏറ്റവുമൊടുവിലാണ് പ്രതിപക്ഷനേതാവ് വി ഡി സതീശനും ഈ പാഴ്വേല ഏറ്റെടുത്തത്. സ്വന്തമായി അജണ്ടയുണ്ടാക്കി കേരളത്തിൽ മാധ്യമ മാടമ്പിത്തരം വളർത്തുകയാണ് വലിയ വിഭാഗം മുഖ്യധാരാ മാധ്യമങ്ങളെന്ന് റിപ്പോർട്ടർ ടി വി തന്നെ തുറന്നുസമ്മതിക്കുമ്പോഴാണ് ഇല്ലാത്ത വേട്ടയാടൽ കൊണ്ടും ഇതേ സംഘം രംഗത്തുവരുന്നത്.