പാകിസ്ഥാനിലേക്ക് പോയ രാജസ്ഥാൻ യുവതി ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ചു; ഇസ്ലാം മതം സ്വീകരിച്ചു

0
157

ഫെയ്സ്ബുക് സുഹൃത്തിനെ കാണാൻ പാക്കിസ്ഥാനിലെത്തിയ രാജസ്ഥാനിലെ അൽവാർ സ്വദേശിനിയായ അഞ്ജു, സുഹൃത്തിനെ വിവാഹം കഴിച്ചെന്നും ഇസ്‌ലാം മതം സ്വീകരിച്ചുവെന്നും റിപ്പോർട്ട്. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ഗ്രാമത്തിലെത്തിയ അഞ്ജു, പഖ്തൂൻഖ്വ സ്വദേശിയായ ഫെയ്സ്ബുക് സുഹൃത്ത് നസ്റുല്ലയെ വിവാഹം കഴിച്ചു. മതപരിവർത്തനത്തെ തുടർന്ന് അഞ്ജു ഇപ്പോൾ ഫാത്തിമ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അപ്പർ ദിറിലെ ജില്ലാ കോടതിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മലകണ്ട് ഡിവിഷൻ ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ നസീർ മെഹ്മൂദ് സത്തി, അഞ്ജുവിന്റെയും (35), നസ്റുല്ലയുടെയും (29) വിവാഹം സ്ഥിരീകരിച്ചു. അഞ്ജു ഇസ്‌ലാം മതം സ്വീകരിച്ചശേഷം ഫാത്തിമ എന്ന പേര് സ്വീകരിച്ചതായും നസീർ മെഹ്മൂദ് സത്തി വ്യക്തമാക്കി. നസ്‌റുല്ലയുടെ കുടുംബാംഗങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തിലാണു ദമ്പതികൾ കോടതിയിൽ ഹാജരായത്. സുരക്ഷാ കാരണങ്ങളാൽ, പൊലീസ് സുരക്ഷയിൽ കോടതിയിൽനിന്ന് യുവതിയെ നസ്‌റുല്ലയുടെ വീട്ടിലേക്കു കൊണ്ടുപോയി.

നസ്‌റുല്ലയെ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും വീസ അവസാനിക്കുന്ന ഓഗസ്റ്റ് 20ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നും അഞ്ജു അവകാശപ്പെട്ടിരുന്നു. അഞ്ജുവിനെ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്ന് നസ്‌റുല്ലയും പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും വിവാഹിതരായെന്ന റിപ്പോർട്ട് പുറത്തുവന്നത്. 2019ലാണ് നസ്‌റുല്ലയും അഞ്ജുവും ഫെയ്സ്ബുക്കിൽ സുഹൃത്തുക്കളായത്. വിവാഹിതയാണ് അഞ്ജു. രാജസ്ഥാനിലുള്ള അഞ്ജുവിന്റെ ഭർത്താവ് അരവിന്ദ്, ഭാര്യ ഉടൻ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. ഇവർക്ക് 15 വയസ്സുള്ള മകളും ആറ് വയസ്സുള്ള മകനുമുണ്ട്.