സ്ത്രീകള്‍ക്ക് ഭീഷണിയായി AI വഴി ഡീപ്‌ ഫെയ്ക്ക് പോണ്‍

0
193
Digital Identity and Transfer of Knowledge and Automation

സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഡീപ്‌ഫെയ്ക്ക് പോണ്‍ (deepfake porn) അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും വർധിച്ചു വരുന്നതായി റിപ്പോർട്ട്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോട്ടോകളിലും വീഡിയോകളിലും ഉള്ള ആളുകളെ മാറ്റാന്‍ കഴിയുന്ന സംവിധാനമാണ് ഡീപ്‌ഫേക്ക്. എഐ ഉപയോഗിച്ച് വീഡിയോ, ഓഡിയോ, ചിത്രങ്ങൾ എന്നിവയെല്ലാം എഡിറ്റ് ചെയ്യാനും ഒറിജിനലിനെ വെല്ലുന്ന രൂപത്തില്‍ പുന:സൃഷ്‌ടിക്കാനും കഴിയും. സ്ത്രീകളുടെ സോഷ്യൽ മീഡിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം അശ്ലീല ഉള്ളടക്കം സ‍ൃഷ്ടിക്കാനായി ഇത്തരത്തിൽ ഉപയോ‌ഗിക്കുന്നതാണ് ഡീപ്‌ഫെയ്ക്ക് പോണ്‍ എന്നറിയപ്പെടുന്നത്.

പഫർ കോട്ട് ധരിച്ച പോപ്പ് ഫ്രാൻസിസ് അല്ലെങ്കിൽ അറസ്റ്റിലായ ഡൊണാൾഡ് ട്രംപ് തുടങ്ങിയ പല വൈറൽ ചിത്രങ്ങൾക്കു പിന്നിലും ഡീപ്ഫെയ്ക്ക് ആണ്. എന്നാൽ അശ്ലീല ഉള്ളക്കങ്ങൾ സൃഷ്ടിക്കുന്നതിനാണ് ഇവ കൂടുതൽ വ്യാപകമായി ഉപയോഗിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. ഇത്തരം എഐ ടൂളുകളും ആപ്പുകളും കൂടുതലായി ഉന്നം വെയ്ക്കുന്നത് സ്ത്രീകളെയാണ്.

“ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവളുടെ ചിത്രങ്ങളോ വീ‍ഡിയോകളോ ഉപയോ​ഗിക്കുന്നത് ഇപ്പോൾ സാധാരണമായിരിക്കുന്നു. എഐ ടൂൾ ഉപയോ​ഗിച്ച് ഏതൊരു സ്ത്രീയെയും വ്രണപ്പെടുത്താൻ കഴിയുമെന്ന അവസ്ഥ വന്നിരിക്കുന്നു. ഒരു സമൂഹമെന്ന നിലയിൽ സ്ത്രീയുടെ സമ്മതത്തെക്കുറിച്ച് എന്ത് സന്ദേശമാണ് ഇതിലൂടെ പുറത്തു വരുന്നത്? ” പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകയായ സോഫി മഡോക്ക്സ്  പറഞ്ഞു.

ഒരു അമേരിക്കൻ സ്ട്രീമർ, താൻ ഡീപ്ഫേയ്ക്ക് പോണിന് ഇരയായെന്നു പറഞ്ഞുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചിരുന്നു. തന്റെ ചിത്രങ്ങൾ ഉപയോ​ഗിച്ച് ഡീപ് ഫെയ്ക്കുകൾ ഉണ്ടാക്കിയതായി ഇവർ കണ്ണീരോടെയാണ് പറഞ്ഞത്. ഗായിക ടെയ്‌ലർ സ്വിഫ്റ്റ്, നടി എമ്മ വാട്‌സൺ തുടങ്ങിയ സെലിബ്രിറ്റികളും ഡീപ്‌ഫേയ്ക്കിന് ഇരകളായിട്ടുണ്ട്. പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടാത്ത, സെലിബ്രിറ്റികളല്ലാത്ത സ്ത്രീകളെയും ഇത്തരം സൈബർ ആക്രമണകാരികൾ ലക്ഷ്യം വെയ്ക്കുന്നുണ്ട്.

അമേരിക്കൻ, യൂറോപ്യൻ മാധ്യമങ്ങളിൽ പലരും ഈ തട്ടിപ്പിനെക്കുറിച്ച് വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ നേരിട്ടുള്ള സാക്ഷ്യങ്ങളും പല റിപ്പോർട്ടുകളിലുമുണ്ട്. അക്കാദമിക് വിദഗ്ധർ മുതൽ ആക്ടിവിസ്റ്റുകൾ വരെ ഡീപ്ഫെയ്ക്കിന് ഇരകളായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. സ്ത്രീകളുടെ ചിത്രങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ നീക്കം ചെയ്യാനും അവയ്ക്ക് പകരം നഗ്‌നമായ ശരീരഭാഗങ്ങള്‍ നല്‍കാനുമെല്ലാം ഇത്തരം എഐ ടൂളുകൾ വഴി സാധിക്കും. പുരുഷന്മാരെയും ഈ രീതിയില്‍ വ്യാജമായി സൃഷ്ടിക്കാമെങ്കിലും സ്ത്രീകളാണ് കൂടുതലും ഇതിന് ഇരകളാക്കപ്പെടുന്നത്.

ഡച്ച് എഐ കമ്പനിയായ സെൻസിറ്റിയുടെ 2019 ലെ പഠനമനുസരിച്ച്, ഓൺലൈനിലെ ഡീപ്ഫെയ്ക്ക് വീഡിയോകളിൽ 96 ശതമാനവും സ്ത്രീകളുടെ അറിവോടെയല്ലാതെ ഉള്ള കണ്ടന്റുകളാണ്. “മുമ്പ് ഒരാളുടെ മനസിൽ മാത്രം ഉണ്ടായിരുന്ന ലൈംഗിക ഫാന്റസികൾ, ഇപ്പോൾ ഇത്തരം ടൂളുകൾ വഴി കൈമാറ്റം ചെയ്യപ്പെടുന്നു”, ബ്ലാക്ക്ബേർഡ് എഐയിലെ (Blackbird.AI) ഇന്റലിജൻസ് ഡയറക്ടർ റോബർട്ട ഡഫ്ഫീൽഡ് പറഞ്ഞു.