കോവിഡ് കാലത്ത് ബോറടി മാറ്റാൻ ചോക്ലേറ്റ് നിർമാണം; ഇന്ന് കോടികളുടെ വരുമാനം; 19കാരന്റെ വിജയ കഥ…

0
283

COVID-19-ഇൻഡ്യൂസ്ഡ് ലോക്ക്ഡൗൺ വ്യത്യസ്‌ത ആളുകളുടെ ജീവിതത്തെ ബാധിച്ചത് വ്യത്യസ്തമായാണ്. ആഗോള പകർച്ചവ്യാധി എല്ലാവരുടെയും ജീവിതരീതിയെയും അടിമുടി മാറ്റിമറിച്ചു. പൂന്തോട്ടപരിപാലനം, പാചകം, ഡ്രോയിംഗ്, വായന എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് ആളുകൾ ഈ സാഹചര്യത്തിൽ താൽപ്പര്യം ചെലുത്തി.

ഇതിനിടയിൽ അവസരങ്ങൾ തേടിയവർ വളരെ കുറവാണ്. ഇങ്ങനെ അവസരങ്ങൾ തേടിയ പലരും ഇന്നു വിജയത്തിന്റെ കൊടുമുടുയിലാണ്. ഉദയ്പൂരിൽ നിന്നുള്ള ദിഗ്‌വിജയ് സിംഗിന്റെ കഥയാണ് ഇന്നു സാമൂഹിക മാധ്യമങ്ങളെ പുളകം കൊള്ളിക്കുന്നത്.

16-ാം വയസിലാണ് ദിഗ്‌വിജയ് സിംഗിന്റെ ജീവിതത്തിലേയ്ക്കു കൊവിഡ് കടന്നെത്തുന്നത്. ലോക്കഡൗണിൽ ബോറടി മാറ്റുന്നതിനായി പലതും പരീക്ഷിച്ചു. അതിൽ അവസാനത്തേതായിരുന്നു ചോക്ലേറ്റ് നിർമാണം. അങ്ങനെ ചെറിയ രീതിയിൽ സ്വന്തമായി ഒരു ബ്രാൻഡ് സൃഷ്ടിച്ചു. ഇന്ന് 19-ാം വയസിൽ വലിയൊരു ചോക്ലേറ്റ് കലവറയുടെ ഉടമയാണ് ഈ കുട്ടി സംരംഭകൻ. വരുമാനം കോടികളും.

കുഞ്ഞൻ ചോക്ലേറ്റ് ബീൻസുകൾ മുതൽ വമ്പൻ ബാറുകൾ വരെ വിജയ് ഇന്നു നിർമ്മിക്കുന്നുണ്ട്. രാജ്യത്തുടനീളം നൂറുകണക്കിന് സന്തുഷ്ടരായ ഉപഭോക്താക്കൾ ഇന്ന് കുട്ടിസംരംഭകനുണ്ട്. ഇതോടകം ബ്രാൻഡിനു കീഴിൽ രണ്ട് ടണ്ണിലധികം ചോക്ലേറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു. ഡൽഹി, ബംഗളൂരു, ഉദയ്പൂർ, ജയ്പൂർ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലാണ് ഇദ്ദേഹത്തിന്റെ ഉപഭോക്താക്കളിൽ അധികവും.

ജാമുൻ, കുങ്കുമപ്പൂവ്, ബേർ തുടങ്ങിയ പ്രാദേശിക വിഭവങ്ങളും സുഗന്ധവ്യഞ്ജനങ്ങളുടെയും കൂട്ടാണ് വിജയുടെ ചോക്ലേറ്റുകൾ. 16 വയസയിൽ കൊവിഡ് കാലത്ത് വിജയ് യൂട്യൂബിന്റെ സഹായത്തോടെയാണ് ചോക്ലേറ്റ് നിർമാണം ആരംഭിച്ചത്. ഉണ്ടാക്കിയ ചോക്ലേറ്റുകൾ കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും നൽകി.

ആയിടയ്ക്കാണ് വിജയുടെ അച്ഛൻ ഒരു പുതിയ കാർ വാങ്ങിയത്. കാറിനൊപ്പം ഡീലർ ഒരു ചോക്ലേറ്റ് ബോക്‌സ് കൂടി സമ്മാനിച്ചു. പുതിയ കാറുകൾ വാങ്ങുന്ന ഏവർക്കും ഇത്തരം ഗിഫ്റ്റുകൾ നൽകപ്പെടുന്നുവെന്നു കുട്ടിസംരംഭകൻ മനസിലാക്കി. അങ്ങനെ അവൻ ഹോട്ടൽ, ഓട്ടോ ഡീലർഷിപ്പ് ഉടമകളെ സമീപിച്ചു. ഹോം മെയ്ഡ് ചോക്ലേറ്റുകൾ എന്ന ആശയം മുന്നോട്ടുവച്ചു.

2021 -ൽ ഒരു കാർ ഡീലർഷിപ്പ് വിജയിക്ക് 1,000 ചോക്ലേറ്റുകളുടെ ഓർഡർ നൽകി. അടുത്ത വർഷം ‘സാരം’ എന്ന പേരിൽ അദ്ദേഹം കമ്പനി ആരംഭിച്ചു. കൊവിഡ് കാലത്ത് സമയം കളയാൻ ആരംഭിച്ച ആശയം ഇന്ന് ഒരു കോടി രൂപ വിൽപ്പന നേടിയ പ്രമുഖ ബ്രാൻഡായി മാറികഴിഞ്ഞെന്ന് ദി ബെറ്റർ ഇന്ത്യ റിപ്പോർട്ട് വ്യക്തമാക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് 2 ടൺ ചോക്ലേറ്റ് ഉൽപ്പന്നങ്ങളാണ് കമ്പനി രാജ്യത്തിന് അകത്ത് വിറ്റഴിച്ചത്.

കേരളം, തമിഴനാട് സംസ്ഥാനങ്ങളിൽ നിന്നു സംഭരിക്കുന്ന കൊക്കൊ ആണ് വിജയ് ചോക്ലേറ്റ് നിർമാണത്തിന് ഉപയോഗിക്കുന്നത്. കൂടാതെ കേരളത്തിൽ നിന്നും ഉദയ്പൂരിൽ നിന്നും പഴങ്ങളും ശേഖരിക്കുന്നു. ഓഫ്‌ലൈൻ സ്‌റ്റോറുകൾക്കു പുറമേ സാരത്തിന്റെ വെബ്‌സൈറ്റ് വഴിയും, ഇൻസ്റ്റാമ്രാം വഴിയും വിൽപ്പന തകൃതിയാണ്. നൂറുകണക്കിന് സംരംഭ പ്രേമികൾക്ക് ഒരു മാതൃക കൂടിയാണ് ഈ കുട്ടിസംരംഭകൻ.