ഇലോൺ മസ്‌ക് നേതൃത്വം നൽകുന്ന വൈദ്യുത കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ല ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഫാക്ടറി സ്ഥാപിക്കാൻ ഒരുങ്ങുന്നു. പ്രതിവർഷം അഞ്ച് ലക്ഷം ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ ശേഷിയുള്ള ഫാക്ടറിയാണ് ടെസ്‌ല ഇന്ത്യയിൽ ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കമ്പനി വാണിജ്യ മന്ത്രാലയവുമായി ചർച്ച ആരംഭിച്ചതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളിലേക്ക് കാറുകൾ കയറ്റുമതി ചെയ്യാനുള്ള പദ്ധതിയിലാണ് ടെസ്‌ല. ഇതിനുള്ള ഒരു കയറ്റുമതി ഹബ്ബാക്കി ഇന്ത്യയെ മാറ്റുന്നതിനാണ് കമ്പനിയുടെ പദ്ധതി എന്നാണ് സൂചന. ‘ടെസ്‌ല ഒരു മികച്ച പദ്ധതിയുമായാണ് ഞങ്ങളുടെ അടുത്തെത്തിയത്. കാര്യങ്ങൾ പോസിറ്റീവ് ആയിരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’, അടുത്ത വൃത്തങ്ങൾ അറിയിച്ചതായാണ് റിപ്പോർട്ട്.
ടെസ്‌ല ഓട്ടോ പാർട്‌സുകളും ഇലക്‌ട്രോണിക്‌സ് ശൃംഖലയും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള സാധ്യതകളെക്കുറിച്ചും അതിനുള്ള നികുതി ഇളവുകളെക്കുറിച്ചും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. കഴിഞ്ഞ മെയ് മാസത്തിൽ ടെസ്‌ല ടീം ഇന്ത്യൻ സന്ദർശനം നടത്തിയതോടെയാണ് രാജ്യത്ത് പ്ലാന്റ് സ്ഥാപിക്കുമെന്ന വർത്തകൾ വന്നുത്തുടങ്ങിയത്. കഴിഞ്ഞ മാസം യുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയിൽ ഉടൻ ഫാക്ടറി തുടങ്ങുമെന്ന് മസ്‌ക് അറിയിച്ചിരുന്നു.