സാമൂഹിക മാധ്യമങ്ങള്‍, നിര്‍മ്മിത ബുദ്ധി (എഐ) എന്നിവയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

0
77

വലിയ വിഭാഗം ജനങ്ങളോട് ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളായ സാമൂഹിക മാധ്യമങ്ങള്‍, നിര്‍മ്മിത ബുദ്ധി (എഐ) എന്നിവയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനത്തെക്കുറിച്ച് ഒരുതരത്തിലുമുള്ള പരിഭ്രാന്തിയുമുണ്ടാകതെ സാങ്കേതികവിദ്യയുടെ ഉപയോഗം സുഗമമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“സമൂഹ മാധ്യമങ്ങള്‍ അതിര്‍വരമ്പുകളില്ലാതെ ആളുകളെ ബന്ധപ്പെടുന്നതിന് സഹായിച്ചു. എന്നാല്‍ എഐ പോലുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍, ട്രോള്‍ പോലുള്ളവയിലേക്ക് നയിക്കുന്നു. വ്യക്തികളെ തെറ്റിദ്ധരിപ്പിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാധ്യകള്‍ എഐയിലുണ്ട്. എഐയുടെ ദുരുപയോഗം തടയുക എന്നത് വലിയ വെല്ലുവിളിയായിരിക്കും,” ഐഐടി മദ്രാസിലെ അറുപതാമത് കോണ്‍വൊക്കേഷനില്‍ ബിരുദം നേടിയ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യ മനുഷ്യരുടെ മനസില്‍ ഭയം നിറയ്ക്കുന്ന ഒന്നാകരുത്. എഐ ടൂളുകളുടെ സ്വാധീനം മൂലം വിവേചനവും പക്ഷപാതവും രൂപപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു.

“നിങ്ങള്‍ സ്വയം ചോദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്ന രണ്ട് ചോദ്യങ്ങള്‍ നിങ്ങളുടെ മുന്നിലേക്ക് വയ്ക്കുന്നു. നിങ്ങളുടെ സാങ്കേതികവിദ്യയുടെ മൂല്യവും അതിന് താങ്ങനാകുന്നതും എന്താണ്. ഞാൻ മൂല്യം എന്ന് പറയുമ്പോൾ, നിങ്ങളുടെ ആശയങ്ങളുടെയോ നൂതനാശയങ്ങളുടെയോ സാങ്കേതികവിദ്യയുടെയോ പണ മൂല്യത്തെയല്ല അര്‍ത്ഥമാക്കുന്നത്. സാങ്കേതികവിദ്യ പ്രതിനിധീകരിക്കുന്ന തത്വാധിഷ്‌ഠിത മൂല്യങ്ങളെയാണ് ഞാൻ ഉദ്ദേശിക്കുന്നത്. പ്രത്യേകിച്ചും നിങ്ങൾ അത് വിന്യസിക്കാൻ ശ്രമിക്കുന്ന സന്ദർഭത്തിൽ അത് മുന്നോട്ട് കൊണ്ടുപോകുന്ന മൂല്യങ്ങൾ എന്തൊക്കെയാണ്,” അദ്ദേഹം ചോദിച്ചു.

ഒരു പ്രത്യേക എഐ പ്രതിനിധീകരിക്കുന്ന മൂല്യങ്ങൾ എന്തൊക്കെയാണെന്നും അത് സൃഷ്ടിക്കുന്നത് എന്താണെന്നും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ എങ്ങനെ നല്ല രീതിയിൽ ഉപയോഗിക്കാമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് കോവിഡ് കാലത്ത് സുപ്രീം കോടതി 43 ദശലക്ഷം വെർച്വൽ ഹിയറിംഗുകൾ നടത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു.

യഥാർത്ഥ ലോകത്ത് വിന്യസിച്ചാൽ ഒരു സാങ്കേതികവിദ്യയും നിഷ്പക്ഷമാകില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. “സാങ്കേതിക ഉപയോഗം ചില മാനുഷിക മൂല്യങ്ങൾ നിറവേറ്റുകയും പ്രതിനിധാനം ചെയ്യുകയും വേണം. അതിനാൽ മൂല്യങ്ങൾ പ്രധാനമാണ്. നമ്മുടെ സ്വാതന്ത്ര്യം, സമത്വം, സാമൂഹിക നീതി എന്നിവ സുരക്ഷിതമാക്കാൻ ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും നമ്മെ പ്രാപ്തരാക്കാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.