യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ ഡൽഹിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

0
229

യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ ഡൽഹിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്. ജലനിരപ്പ് 206.42 മീറ്റർ ഉയരത്തിൽ എത്തിയതോടെയാണ് മുന്നറിയിപ്പ് നൽകിയത്. ഉത്തരാഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും ചില ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് ഹത്നികുണ്ഡ് ബാരേജിൽ നിന്ന് യമുനയിലേക്കുള്ള നീരൊഴുക്ക് കൂടിയതാണ് നദിയിലെ ജലനിരപ്പ് ഉയരാൻ കാരണം.

ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജിൽ നിന്ന് 2 ലക്ഷം ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടതിനാൽ യമുനയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡൽഹി സർക്കാർ അതീവ ജാഗ്രതയിലാണ്. ശനിയാഴ്ച രാത്രി മുതലാണ് ജലനിരപ്പിൽ വ്യത്യാസം വന്നു തുടങ്ങിയത്. ഞായറാഴ്ച രാവിലെ ഒമ്പതോടെ 205.96 മീറ്ററായി ഉയർന്ന ജലനിരപ്പ് രാത്രിയോടെ 206.42 മീറ്ററിലെത്തിയാതായി സെൻട്രൽ വാട്ടർ കമ്മീഷൻ (CWC) കണക്കുകൾ വ്യക്തമാക്കുന്നു.

ഡൽഹി ജാഗ്രതയിൽ

ഹത്‌നികുണ്ഡ് ബാരേജിൽ നിന്ന് രണ്ട് ലക്ഷം ക്യുസെക്‌സ് വെള്ളം നദിയിലേക്ക് ഒഴുക്കുന്നതിനാൽ ഡൽഹി സർക്കാർ അതീവ ജാഗ്രതയിലാണെന്നും ജലനിരപ്പ് 206.7 മീറ്ററായി ഉയർന്നാൽ യമുന ഖാദറിന്റെ (പ്രളയ സമതലങ്ങൾ) ചില ഭാഗങ്ങൾ വെള്ളത്തിനടിയിലാകുമെന്നും റവന്യൂ മന്ത്രി അതിഷി വ്യക്തമാക്കി.

തലസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തെയും പുനരധിവാസ പ്രവർത്തനങ്ങളെയും യമുന ബാധിക്കാൻ സാധ്യതയുണ്ട്. ഒരാഴ്ചയായി യമുന നദി കരകവിഞ്ഞൊഴുകുന്നതിനാൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ചില ഭാഗങ്ങളിൽ ജൂലൈ 25 വരെ അതിശക്തമായ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.