രണ്ടരലക്ഷം രൂപ വിലമതിക്കുന്ന തക്കാളി മോഷ്ടിച്ച കേസില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ അറസ്റ്റില്‍

0
97

രണ്ടരലക്ഷം രൂപ വിലമതിക്കുന്ന തക്കാളി മോഷ്ടിച്ച കേസില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ അറസ്റ്റില്‍. ബെംഗളൂരു പൊലീസിന്റെയാണ് നടപടി. എം ഭാസ്കരന്‍, സിന്ദുജ എന്നിവരെയാണ് പിടികൂടിയത്. തമിഴ്നാട് വാണിയമ്പാടി സ്വദേശികളാണ് ഇരുവരും. മോഷണത്തില്‍ പങ്കുണ്ടെന്ന് കരുതപ്പെടുന്ന രാകേഷ്, മഹേഷ്, കുമാര്‍ എന്നിവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

ജൂലൈ എട്ടാം തീയതി രാത്രി ചിക്കജാലയില്‍ വച്ചായിരുന്നു സംഭവം. 2.5 ടണ്‍ തക്കാളിയുമായി അജ്ഞാതര്‍ കടന്നുകളഞ്ഞെന്ന് പിക്കപ്പ് ട്രക്ക് ഡ്രൈവര്‍ മല്ലേഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആര്‍എംസി യാര്‍ഡ് പൊലീസിലാണ് പരാതിപ്പെട്ടത്. ഹിരിയൂരിൽ നിന്ന് കോലാറിലേക്ക് തക്കാളി കൊണ്ടുപോകുന്നതിനിടെയാണ് മോഷണം നടന്നത്.

ഗോരഗുണ്ടെപാളയ്ക്ക് സമീപം പ്രതികൾ ഓടിച്ച മഹീന്ദ്ര സൈലോയിൽ തന്റെ വാഹനം അബദ്ധത്തിൽ ഇടിക്കുകയായിരുന്നുവെന്ന് മല്ലേഷിന്റെ പരാതിയിൽ പറയുന്നു. 50,000 രൂപ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് അവര്‍ ആവശ്യപ്പെട്ടു, പണം നൽകാൻ കഴിയാതെ വന്നപ്പോൾ, അക്രമികൾ ട്രക്കുമായി കടന്നുകളഞ്ഞെന്നുമാണ് പരാതി.

റോഡിലെ തര്‍ക്കത്തിനായിരുന്നു ആദ്യ ഘട്ടത്തില്‍ കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണത്തിലാണ് മോഷ്ടിച്ച ട്രക്ക വാണിയമ്പാടിയിലേക്ക് കടത്തിയതായി കണ്ടെത്തിയത്.

പ്രതികള്‍ സഞ്ചരിച്ചിരുന്ന മഹീന്ദ്ര സൈലോയുടെ നമ്പര്‍ പ്ലേറ്റ് മാറ്റിയെങ്കിലും പിക്കപ്പ് ട്രക്കിന്റേ നമ്പര്‍ പ്ലേറ്റ് മാറ്റിയിരുന്നില്ല. മോഷണ വിവരം പുറത്തറിഞ്ഞതോടെയാമ് പ്രതികള്‍ വാഹനം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഇരുനൂറോളം സിസിടിവി റെക്കോര്‍ഡിങ്ങുകള്‍ പരിശോധിച്ച ശേഷമായിരുന്നു ദമ്പതികളിലേക്ക് എത്തിയത്.

ഭാസ്കരന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പത്ത് കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. തക്കാളിയുടെ വിലവര്‍ധനവാണ് മോഷണത്തിലേക്ക നയിച്ചതെന്നാണ് നിഗമനം.