റായ്ഗഡിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ; മരണ സംഖ്യ ഉയരുന്നു

0
189
Maharashtra, July 19 (ANI): People inspect the debris of the damaged houses due to the landslide at Kalva, in Thane on Monday. (ANI Photo)

റായ്ഗഡിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 22 മൃതദേഹങ്ങൾ എൻഡിആർഎഫ് കണ്ടെടുത്തു. തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. മോശം കാലാവസ്ഥയെ തുടർന്ന് വെള്ളിയാഴ്ച രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു. ശനിയാഴ്ച വീണ്ടും രക്ഷാപ്രവർത്തനം ആരംഭിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ജൂലൈ 20ന് ദുരന്തസ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിൻഡെയുമായി സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനായി നാല് ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ മഴ തുടരുകയാണ്. മധ്യ മഹാരാഷ്ട്രയിലെ കൊങ്കൺ, ഘട്ട് പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുമെന്ന് ഐഎംഡി പ്രവചിക്കുന്നു. കാലാവസ്ഥാ വകുപ്പ് പൂനെ, പാൽഗഢ് എന്നിവിടങ്ങളിൽ റെഡ് അലർട്ടും റായ്ഗഡ്, വാഷിം, ഗഡ്ചിറോളി, ചന്ദർപൂർ, സത്താറ, രത്നഗിരി, മുംബൈ, താനെ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ തുടർച്ചയായി പെയ്യുന്ന മഴ സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് കാരണമായി. സ്ഥിതിഗതികൾ രൂക്ഷമായ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിലെ സ്‌കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നതിന് മുമ്പ് അതത് ജില്ലാ കളക്ടർമാരുമായി ആശയവിനിമയം നടത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.