ഉയർത്താൻ ശ്രമിക്കുന്നതിനിടെ 210 കിലോ ബാർബെൽ കഴുത്തിൽ പതിച്ചു; ഫിറ്റ്നസ് ഇൻഫ്ലുവൻസറിർ മരിച്ചു

0
133

ഉയർത്താൻ ശ്രമിക്കുന്നതിനിടെ 210 കിലോ ഭാരമുള്ള ബാർബെൽ കഴുത്തിൽ പതിച്ച് ഫിറ്റ്നസ് ഇൻഫ്ലുവൻസർ ജസ്റ്റിൻ വിക്കിക്ക് ജീവൻ നഷ്ടമായി. ഇന്തൊനീഷ്യക്കാരനായ 33 വയസ്സുകാരൻ ബാർബെൽ ഉയര്‍ത്തി സ്ക്വാറ്റ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു. ബാർബെല്‍ വീണതോടെ കഴുത്ത് ഒടിഞ്ഞു.

ജൂലൈ 15ന് നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുകയാണ്. ഭാരം താങ്ങാൻ സാധിക്കാതെ ജസ്റ്റിൻ വിക്കി പുറകിലേക്ക് വീഴുകയായിരുന്നു. ഇതോടെ ബാർബെൽ കഴുത്തിൽപതിച്ചു. ജസ്റ്റിൻ തന്നെ ബാർബെലിന് അടിയില്‍നിന്ന് പുറത്തേക്കു വരുന്നത് വിഡിയോയിലുണ്ട്.

ജസ്റ്റിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച്, ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാന്‍ സാധിച്ചില്ല. ബാലിയിലെ പാരഡൈസ് എന്ന സ്ഥാപനത്തിൽ ഫിറ്റ്നസ് ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു ജസ്റ്റിൻ. നിരവധി ആരാധകരുള്ള ജസ്റ്റിന്റെ മരണത്തില്‍ സമൂഹമാധ്യമങ്ങളിലും അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്.