ഇറാഖിലെ ബാ​ഗ്ദാദിലുള്ള സ്വീഡിഷ് എംബസിക്കു നേരെ ആക്രമണം

0
108

ഇറാഖിലെ ബാ​ഗ്ദാദിലുള്ള സ്വീഡിഷ് എംബസിക്കു നേരെ ആക്രമണം. പ്രതിഷേധക്കാർ എംബസിക്കു തീയിട്ടതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സ്വീഡനിൽ ഖുറാൻ കത്തിക്കാൻ വീണ്ടും ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. സംഭവത്തിൽ എംബസിയിലെ ജീവനക്കാർക്കാർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

സംഭവത്തെ അപലപിച്ച ഇറാഖ് വിദേശകാര്യ മന്ത്രാലയം രം​ഗത്തെത്തി. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇറാഖ് സർക്കാർ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. സ്വീഡനിൽ രണ്ടാമതും ഖുറാൻ കത്തിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായും റോയിട്ടേഴ്സ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒരു ടെലിഗ്രാം ഗ്രൂപ്പിൽ ഇതു സംബന്ധിച്ച വിവരങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.

പ്രതിഷേധക്കാർ സ്വീഡിഷ് എംബസിയുടെ മതിലിൽ ചവിട്ടുന്നതും പതാകകളും അടയാളങ്ങളും കാണിക്കുന്നതും ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം. എംബസിയുടെ പുറത്തെ വേലിക്കു മുകളിലൂടെ ആളുകൾ അകത്തേക്ക് കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ, ചിലർ മുൻവശത്തെ വാതിൽ തകർക്കാൻ ശ്രമിക്കുന്നുമുണ്ട്.

ആക്രമണത്തിൽ പ്രതിഷേധം അറിയിച്ച് സ്വീഡനും രം​ഗത്തെത്തി. വിയന്ന കൺവെൻഷന്റെ ഗുരുതരമായ ലംഘനമാണ് ഇതെന്നും സ്വീഡൻ പറഞ്ഞു. നയതന്ത്ര പ്രവർത്തനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണം എന്നും ഇറാഖിനോട് സ്വീഡിഷ് സർക്കാർ ആവശ്യപ്പെട്ടു.