മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ കേസെടുത്ത് ദേശീയ വനിത കമ്മിഷൻ

0
151

മണിപ്പുരിൽ രണ്ടു സ്ത്രീകളെ ആൾക്കൂട്ടം നഗ്നരാക്കി നടത്തിയ സംഭവത്തിൽ ദേശീയ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മണിപ്പുർ ഡിജിപിയോട് ആവശ്യപ്പെട്ടതായും ദേശീയ വനിത കമ്മിഷൻ ട്വീറ്റ് ചെയ്തു. സംഭവത്തിൽ പ്രതികളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. കൂടുതൽ പേർ വൈകുന്നേരത്തോടെ പിടിയിലാവുമെന്ന് പ്രതീക്ഷിക്കുന്നു. നിന്ദ്യമായ പ്രവൃത്തി ചെയ്ത എല്ലാവരും ശിക്ഷ നേരിടേണ്ടി വരുമെന്നും വനിത കമ്മിഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു.

സംഭവത്തിന്റെ വിഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കവേ വനിത കമ്മിഷൻ ട്വിറ്ററിനും നോട്ടിസ് നൽകിയിട്ടുണ്ട്. വിഷയത്തിൽ എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് ജൂലൈ 28നുള്ളിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും നൽകണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

മണിപ്പുരിൽ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുന്ന വിഡിയോയാണു പുറത്തുവന്നത്. മേയ് നാലിനു നടന്ന അതിക്രമത്തിന്റെ വിഡിയോ ഇന്നലെയാണു പുറത്തുവന്നത്. രാജ്യവ്യാപകമായി വലിയ രോഷമാണു ഇതിനെതിരെ ഉയർന്നത്. തലസ്ഥാനമായ ഇംഫാലിൽ നിന്ന് 5 കിലോമീറ്റർ അകലെ കാൻഗ്പോക‌്പി ജില്ലയിലാണ് സംഭവം നടന്നത്. നഗ്നരായ രണ്ടു സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുന്നതാണു വിഡിയോയിലുള്ളത്. മെയ്തെയ് വിഭാഗക്കാരാണ് അക്രമം നടത്തിയതെന്ന് ഐടിഎൽഎഫ് ആരോപിച്ചു.

അതിനിടെ ആൾക്കൂട്ടത്തിൽ പൊലീസ് തങ്ങളെ ഉപേക്ഷിക്കുകയായിരുന്നെന്ന് ഇരകളായ സ്ത്രീകളിൽ ഒരാൾ പറഞ്ഞു. ദേശീയ മാധ്യമത്തോടാണു വെളിപ്പെടുത്തൽ. തങ്ങളുടെ ഗ്രാമത്തെ ആക്രമിച്ച ആൾക്കൂട്ടത്തിനൊപ്പം പൊലീസ് ഉണ്ടായിരുന്നെന്നാണു യുവതിയുടെ വെളിപ്പെടുത്തൽ. ”ഗ്രാമത്തിൽനിന്നു ഞങ്ങളെ ദൂരേക്ക് കൊണ്ടുപോയ പൊലീസ് റോഡിലെ ആൾക്കൂട്ടത്തിൽ ഉപേക്ഷിച്ചു. പൊലീസാണ് ഞങ്ങളെ ആൾക്കൂട്ടത്തിന്റെ കയ്യിലേൽപ്പിച്ചത്” – യുവതി വിശദീകരിച്ചു.