നെയ്യാറ്റിൻകരയിൽ അഞ്ചുവയസുകാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ പിടിയില്‍

0
193

നെയ്യാറ്റിൻകര ആര്യൻകോടിൽ രണ്ടാനച്ഛനിൽ നിന്ന് അഞ്ചുവയസ്സുകാരന് ക്രൂരമർദ്ദനമേറ്റു. സംഭവത്തിൽ പ്രതി പിടിയിലായി. മൈലച്ചിൽ സ്വദേശി സുബിൻ (29) ആണ് പിടിയിലായത്. പാച്ചല്ലൂർ സ്വദേശിയായ വിധവയോടൊപ്പം താമസിച്ചു വരികയായിരുന്നു സുബിൻ. മദ്യലഹരിയിലെത്തിയ ഇയാൾ കുട്ടിയെ കഴിഞ്ഞ ദിവസം മൃഗീയമായി മർദിക്കുക ആയിരുന്നു.രക്ഷിക്കാൻ ശ്രമിച്ച കുട്ടിയുടെ അമ്മക്കും മർദനമേറ്റു.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് കുട്ടിയെ മെഡിക്കൽ കോളേജിൽ എത്തിച്ചു. ശരീരമാകമാനം മർദ്ദനമേറ്റ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് അധികൃതർ അറിയിച്ചു. പാച്ചല്ലൂർ സ്കൂളിലെ ഡ്രൈവറാണ് പ്രതി.

ഭർത്താവ് മരിച്ച രണ്ട് കുട്ടികളുടെ അമ്മയും പാച്ചല്ലൂർ സ്വദേശിയുമായ യുവതിയെ സ്കൂളിൽ വച്ചായിരുന്നു ഇയാൾ പരിചയപ്പെട്ടത്. തുടർന്ന് ആര്യൻകോട് മൈലച്ചിലെ വീട്ടിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. മദ്യപിച്ച് എത്തി സ്ഥിരമായി ബഹളവും കലഹവും ഇവിടെ പതിവാണ്. നാട്ടുകാർ ചേർന്ന് പിടികൂടി പ്രതിയെ ആര്യൻകോട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.