മൂവാറ്റുപുഴയില്‍ വൃദ്ധയായ അമ്മയെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ മകൻ അറസ്റ്റില്‍

0
107

മൂവാറ്റുപുഴയില്‍ വൃദ്ധയായ അമ്മയെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ മകൻ അറസ്റ്റില്‍. ആരക്കുഴ പണ്ടപ്പിള്ളി കരയിൽ മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ വീട്ടിൽ അനിൽ രവി (35)യെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ പി.എം.ബൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ ഇയാള്‍ അമ്മയുടെ മുഖത്ത് ഗ്ലാസ്‌ കൊണ്ടിടിക്കുകയും പല്ലുകള്‍ തകർക്കുകയും ചെയ്തിട്ടുണ്ട്. അനില്‍ രവി മുന്‍പും കേസുകളില്‍ പ്രതിയാണ്.

കഴിഞ്ഞ ദിവസം പ്രതിയുടെ സഹോദരന്‍ ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിക്ക് പോകുന്ന അമ്മ മകനെ ജാമ്യത്തിലെടുക്കാന്‍ കുറച്ച് തുക കരുതിവെച്ചിരുന്നു. ഈ തുക ചോദിച്ചാണ് അനില്‍ രവി അമ്മയെ മര്‍ദ്ദിച്ചത്. മൂന്നു നേരവും മദ്യപിക്കുന്ന ശീലമാണ് ഇയാളുടേത്. അമ്മയുടെ ഫോണും ഇയാള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. അമ്മയ്ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുകയുടെ സന്ദേശം ഫോണിലാണ് എത്തുന്നത്. ഈ സന്ദേശം ലഭിച്ചാലുടന്‍ ഈ പണത്തിനും ഇയാള്‍ അമ്മയുമായി വഴക്ക് കൂടും. അമ്മ ജോലിയ്ക്ക് പോയാല്‍ ലഭിക്കുന്ന പണവും വഴക്കുകൂടി ചോദിച്ച് വാങ്ങും. ഇത്തരം വഴക്കിന്റെ ഇടയിലാണ് സ്റ്റീല്‍ ഗ്ലാസുകൊണ്ട് അമ്മയുടെ മുഖത്തടിച്ചത്. മുന്‍വശത്തെ രണ്ടു പല്ലുകള്‍ ഇളകിപ്പോവുകയും ചെയ്തു. ആശുപത്രിയില്‍ നിന്നും ഡിസ്ച്ചാര്‍ജ് ചെയ്ത അമ്മയെ മറ്റൊരു കേന്ദ്രത്തിലേക്ക് പോലീസ് മാറ്റിയിട്ടുണ്ട്.

അമ്മയെ മര്‍ദ്ദിച്ചശേഷം കോട്ടയത്തേക്ക് മുങ്ങിയ അനിലിനെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കിയാണ് പിടികൂടിയത്. മൂന്നു നേരവും കോട്ടയത്ത് ഭക്ഷണത്തിനു മുടക്കം വരില്ലെന്ന് അറിയാവുന്ന പ്രതി അതിനാണ് കോട്ടയം തിരഞ്ഞെടുത്തത്. അമ്മയെ മര്‍ദ്ദിച്ച രീതിയില്‍ അച്ഛനെയും മർദിച്ചതിന് പ്രതിയ്ക്കെതിരെ നേരത്തെ പോലീസ് കേസ് എടുത്തിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ കോട്ടയത്തു നിന്നാണ് പിടികൂടിയത്. എസ്ഐമാരായ മാഹിൻ സലിം, വിഷ്ണു രാജു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി സി ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിബിൽ മോഹൻ, റെനീഷ് റെഹ്മാൻ എന്നിവരാണ് പ്രതിയെ പിടിച്ചത്.