രാഹുൽ ഗാന്ധി അപകീർത്തിക്കേസ്; ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

0
308

മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ ഹർജിയിൽ ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്.

കേസിലെ പരാതിക്കാരനായ ബിജെപിയുടെ സൂറത്ത് വെസ്റ്റ് എംഎൽഎ പൂർണേഷ് മോദിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസ് ഓഗസ്റ്റ് നാലിന് വാദം കേൾക്കാനായി മാറ്റി. 2019 ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കള്ളന്മാരുടെ പേരിലും മോദി ഉണ്ടെന്ന രാഹുലിന്റെ പരാമർശമാണ് കേസിനാധാരം.

ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി നൽകിയ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാൽ മാത്രമേ അയോഗ്യത നീങ്ങി രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടുകയുള്ളൂ. പരാതിക്കാരനായ പൂർണേഷ് മോദി തടസ്സ ഹർജി നൽകിയിട്ടുണ്ട്.

കേസിൽ ജില്ലാ കോടതിയെയാണ് രാഹുൽ ആദ്യം സമീപിച്ചത്. എന്നാൽ, അപ്പീൽ തള്ളിയതോടെ ഗുജറാത്ത് ഹൈക്കോടതിയിലെത്തി. എന്നാൽ, മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാ വിധിയിൽ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. ഇതോടെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ചൊവ്വാഴ്ച രാഹുലിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എ എം സിംഗ്വി ഹർജിയെക്കുറിച്ച് പരാമർശിക്കുകയും അടിയന്തരമായി വാദം കേൾക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്നാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കേസ് വെള്ളിയാഴ്ച പരിഗണിക്കാൻ സമ്മതിച്ചത്.