ലോക ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകൾ സോഷ്യൽ മീഡിയയിൽ സജീവം; പഠനം

0
225

ഇന്നത്തെ നമ്മുടെ ജീവിതത്തിൽ സോഷ്യൽ മീഡിയയെ അവഗണിക്കാനാവില്ല. ഇതിലൂടെ നമുക്ക് ഏത് തരത്തിലുള്ള വിവരങ്ങളും നേടാനും ലോകത്തിന്റെ ഏത് കോണിൽ താമസിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാനും കഴിയും. കുട്ടികൾ കൗമാരക്കാർ ചെറുപ്പക്കാർ മുതൽ മധ്യവയസ്കരിൽ വരെ സോഷ്യൽ മീഡിയ ആപ്പുകളുടെ ജനപ്രീതി ഗണ്യമായി വർധിച്ചു വന്നിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ സോഷ്യൽ മീഡിയ ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.

ഏകദേശം അഞ്ച് ബില്യൺ ആളുകൾ, അല്ലെങ്കിൽ ലോക ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകൾ സോഷ്യൽ മീഡിയയിൽ സജീവമാണെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഒരു പഠന റിപ്പോർട്ട് അവകാശപ്പെടുന്നത്. ഡിജിറ്റൽ ഉപദേശക സ്ഥാപനമായ കെപിയോസിന്റെ (Kepios) ഏറ്റവും പുതിയ ത്രൈമാസ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 5.19 ബില്യൺ അല്ലെങ്കിൽ ലോക ജനസംഖ്യയുടെ 64.5 ശതമാനം ആളുകൾ ഇന്ന് സോഷ്യൽ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. മാത്രമല്ല മുൻവർഷത്തെക്കാൾ 3.7 ശതമാനത്തിൻ്റെ വർധന ഉണ്ടായിട്ടുണ്ടെന്നും കണക്കാക്കുന്നു.

കിഴക്കൻ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലും 11 പേരിൽ ഒരാൾ മാത്രമാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായ ഇന്ത്യയിൽ, ഈ കണക്ക് മൂന്നിൽ ഒന്നാണ്. സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന സമയത്തിന്റെ അളവും വർധിച്ചു, പ്രതിദിനം 2 മണിക്കൂർ 26 മിനിറ്റായി. ബ്രസീലുകാർ പ്രതിദിനം ശരാശരി 3 മണിക്കൂറും 49 മിനിറ്റും സോഷ്യൽ മീഡിയയിൽ ചെലവഴിക്കുമ്പോൾ ജപ്പാനീസ് ജനത ഒരു മണിക്കൂറിൽ താഴെയാണ് ഇത് ഉപയോഗിക്കുന്നത്.

സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശരാശരി ഏഴ് പ്ലാറ്റ്‌ഫോമുകളിലാണ് കൂടുതലും സജീവം. മെറ്റയുടെ വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ചൈനീസ് ആപ്പുകളായ വീചാറ്റ്, ടിക് ടോക്ക്, ഡൗയിൻ കൂടാതെ ട്വിറ്റർ, മെസഞ്ചർ, ടെലിഗ്രാം എന്നിവയാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ.