റെയിൽവേ പൊലീസുകാരൻറെ തോക്കിൽ നിന്ന് വെടിപൊട്ടി പരിക്കേറ്റയാൾക്ക് 8.2 ലക്ഷം നഷ്ടപരിഹാരം

0
202

റെയിൽവേ പൊലീസുകാരൻറെ തോക്കിൽ നിന്ന് വെടിപൊട്ടി പരിക്കേറ്റയാൾക്ക് 8.2 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഒമ്പത് ശതമാനം പലിശ സഹിതമാണ് നഷ്ടപരിഹാരം വിധിച്ചത്. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് വിധി പുറപ്പെടുവിച്ചത്. 2012 ജൂലൈ ആറിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി തിരുവനന്തപുരം പാളയം സ്വദേശി എം. മനാഫിനാണ് പരിക്കേറ്റത്.

കുട്ടിയുടെ ചികിത്സക്ക് മധുരക്ക് പോകാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് റിസർവേഷൻ കൗണ്ടറിലേക്ക് പോകുന്നതിനിടെയാണ് മനാഫിന് വെടിയേറ്റത്. വി. ഇസാക്കിയപ്പൻ എന്ന ആർ.പി.എഫ് കോൺസ്റ്റബിളിൻറെ തോക്കിൽ നിന്ന് വെടിപൊട്ടി ഉണ്ട മനാഫിൻറെ വയറിൽ തറക്കുകയായിരുന്നു. സർവിസ് പിസ്റ്റളിൽനിന്ന് അബദ്ധത്തിൽ വെടിയുതിർത്തതാണ് അപകടകാരണമെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു.

ഇതേത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലാണ് കേരള സർവകലാശാല ജീവനക്കാരൻ കൂടിയായ മനാഫ്. നിരവധി സ്ഥലങ്ങളിൽ ചികിത്സ തേടിയെങ്കിലും മനാഫിന് പഴയ ശാരീരിക മാനസികാവസ്ഥ വീണ്ടെടുക്കാൻ സാധിച്ചില്ല. നഷ്ടപരിഹാരം നൽകാൻ റെയിൽവേ തയ്യാറായതുമില്ല. ഇതോടെയാണ് 20 ലക്ഷം രൂപ നഷ്ട പരിഹാരം തേടി മനാഫ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.