നെറ്റ്ഫ്ളിക്സ് പാസ്‌വേഡ് ഷെയറിങിന് നിയന്ത്രണം ഇന്ത്യയിലും

0
144

ലോകത്തിൽ തന്നെ ഏറ്റവുമധികം വരിക്കാരുള്ള ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിൽ പാസ്‌വേർഡ് പങ്കുവയ്ക്കുന്നതിൽ നിയന്ത്രണം നടപ്പാക്കുന്നു. മുമ്പ് പല രാജ്യങ്ങളിലും നടപ്പാക്കിയ ഈ നിയന്ത്രണം ഒടുവിൽ ഇന്ത്യയിലും പ്രാബല്യത്തിൽ വരുത്തുകയാണെന്നാണ് റിപ്പോർട്ട്. നെറ്റ്ഫ്‌ളിക്‌സ് വരിക്കാരായ വ്യക്തിക്ക് പുറമെ, അയാളുടെ വീട്ടിലുള്ളവർക്ക് മാത്രം പാസ്‌വേഡ് പങ്കുവയ്ക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ പരിഷ്‌കാരം വരുത്തിയിരിക്കുന്നത്.

ഒരു സമയം ഒരേ അക്കൗണ്ട് ഉപയോഗിച്ച് വീഡിയോ കാണുന്നവരുടെ എണ്ണത്തിന് നിയന്ത്രണമുണ്ടായിരുന്നെങ്കിലും അക്കൗണ്ട് പാസ്‌വേഡ് പങ്കുവെക്കുന്നവരെ ഇതുവരെ നെറ്റ്ഫ്ളിക്സ് പൂർണമായി നിയന്ത്രിച്ചിട്ടില്ലായിരുന്നു. ഉപഭോക്താക്കൾ നെറ്റ്ഫ്ളിക്സ് അക്കൗണ്ടുകൾ വ്യാപകമായി പങ്കുവെക്കുന്നത് ടിവി, സിനിമ എന്നിവയ്ക്കായുള്ള തങ്ങളുടെ നിക്ഷേപങ്ങളെ വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് നെറ്റ്ഫ്ളിക്സ് മുമ്പുതന്നെ അറിയിച്ചിരുന്നു.

മുന്നറിയിപ്പ് ഇല്ലാതെ തിടുക്കത്തിലുള്ള നീക്കമായാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ഈ നടപടിയെ വിലയിരുത്തുന്നത്. എന്നാൽ, ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നില്ല. മുമ്പും പാസ്‌വേഡ് പങ്കുവയ്ക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ് സൂചനകൾ നൽകിയിരുന്നു. നെറ്റ്ഫ്‌ളിക്‌സ് പാസ്‌വേഡ് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന ഉപയോക്താക്കൾക്ക് ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് നൽകുന്ന മെയിൽ അയയ്ക്കുമെന്നാണ് വിവരങ്ങൾ.

പാസ് വേഡ് പങ്കുവെക്കുന്നത് നിയന്ത്രിക്കുന്നതിനായി ബോറോവർ, ഷെയേർഡ് അക്കൗണ്ടുകളും ചില രാജ്യങ്ങളിൽ നെറ്റ്ഫ്ളിക്സ് മുമ്പുതന്നെ പരീക്ഷിച്ചിരുന്നു. ഇതുവഴി ഉപഭോക്താക്കൾക്ക് അധിക തുക നൽകി കൂടുതൽ യൂസർമാരെ അക്കൗണ്ടിൽ ചേർക്കാനോ പ്രൊഫൈലുകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ സാധിക്കും. നൂറിലേറെ രാജ്യങ്ങളിലേക്ക് ഈ പോളിസി വ്യാപിപ്പിക്കുകയാണെന്ന് നെറ്റ്ഫ്ളിക്സ് മുമ്പ് പ്രഖ്യാപിച്ചിരുന്നു.

അതായത് പാസ്‌വേഡ് ഷെയർ ചെയ്യുന്നത് പൂർണമായും നിർത്തുകയല്ല നെറ്റ്ഫ്ളിക്സ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പാസ്‌വേഡ് ഒരു വീട്ടിലുള്ളവരുമായി മാത്രം പങ്കുവെച്ചാൽ മതിയെന്ന നിയന്ത്രണമാണ് അവതരിപ്പിക്കുന്നത്. നിങ്ങൾ അക്കൗണ്ട് ലോഗിൻ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷനാണ് ഇതിനായി പരിഗണിക്കുക. വൈഫൈയുമായി ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്നത് ഇതിന് വേണ്ടിയാണ്. മാസത്തിൽ ഒരു തവണയെങ്കിലും ഇത് ആവശ്യപ്പെട്ടേക്കും.