മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നുവെന്ന് സുരാജ്

0
122

മണിപ്പൂരിൽ രണ്ട് കുകി സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് നടൻ സൂരജ് വെഞ്ഞാറമൂട്. മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞ് പോകുന്നുവെന്നും ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടായെന്നും സുരാജ് ഫേസ്ബുക്കിൽ കുറിച്ചു.

സംഭവത്തിൽ പ്രതിഷേധം കത്തുമ്പോൾ പ്രതികരണവുമായി ബോളിവുഡ് താരം അക്ഷയ് കുമാർ രംഗത്തെത്തി. വിഡിയോ കണ്ട് നടുങ്ങി പോയതായി അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു. ഇതുപോലൊരു ഭീകരകൃത്യം ചെയ്യാൻ ഇനിയാരും മുതിരാത്ത വിധത്തിൽ ശിക്ഷ കുറ്റവാളികൾക്ക് നൽകണം എന്നും അക്ഷയ് കുമാർ പറയുന്നു.

അതേസമയം മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്ന അക്രമം ഞെട്ടിക്കുന്നതെന്നാണ് മോദി അഭിപ്രായപ്പെട്ടത്. ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.

കുകി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ മണിപ്പൂരിൽ ഒരാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. മെയ് നാലിന് നടന്ന സംഭവത്തിൽ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. വിഷയം പാർലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തെന്ന് മണിപ്പൂർ പൊലീസ് പറയുന്നത്.