ബെംഗളുരുവിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട തീവ്രവാദസംഘം പിടിയിൽ; സൂത്രധാരൻ തടിയൻറവിട നസീറെന്ന് പൊലീസ്

0
98

ബെംഗളുരുവിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട തീവ്രവാദസംഘത്തെ അറസ്റ്റ് ചെയ്തതായി പൊലീസ്. കർണാടക സ്വദേശികളായ അഞ്ച് പേരാണ് അറസ്റ്റിലായത്. സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുഹ്താസിർ, സാഹിദ് എന്നിവരെയാണ് ഹെബ്ബാളിനടുത്തുള്ള സുൽത്താൻപാളയയിലെ ഒരു വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെ സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ബെംഗളുരു സെൻട്രൽ ജയിലിൽ വച്ച് ഇവരെ തീവ്രവാദപ്രവർത്തനത്തിന് പ്രേരിപ്പിച്ചത് തടിയൻറവിട നസീറാണെന്നും, ആക്രമണത്തിൻറെ പദ്ധതിയുടെ സൂത്രധാരൻ നസീറായിരുന്നെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

10 പേരടങ്ങുന്ന ഭീകരസംഘമാണ് സ്ഫോടനത്തിന് പദ്ധതിയിട്ടതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒളിവിലുള്ള അഞ്ച് പേർക്കായുള്ള അന്വേഷണം തുടരുകയാണെന്ന് ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദ് വ്യക്തമാക്കി. ബെംഗളുരുവിൽ വൻ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് പറയുന്നു. ഇവർക്ക് ലഷ്കർ ഇ ത്വയ്യിബ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും സിസിബി വ്യക്തമാക്കുന്നു. വൻ ആയുധ ശേഖരമാണ് ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്.

7 നാടൻ തോക്കുകൾ, 45 ഉണ്ടകൾ, കത്തികൾ, വാക്കി ടോക്കി സെറ്റുകൾ, 12 മൊബൈലുകൾ, നിരവധി സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തു. ഈ പ്രതികളെല്ലാം 2017-ൽ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ബെംഗളുരു ജയിലിലായിരുന്നു. ഇപ്പോഴും ബെംഗളുരു സെൻട്രൽ ജയിലിലുള്ള തടിയൻറവിട നസീറാണ് ഇവരെ തീവ്രവാദ പ്രവർത്തനത്തിലേക്ക് കൊണ്ടുവരുന്നത്. കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട് വരികയായിരുന്നുവെന്നും, ഇതിൻറെ ഭാഗമായാണ് ആയുധങ്ങളും സ്ഫോടകവസ്തുക്കളും അടക്കം ശേഖരിച്ച് തുടങ്ങിയതെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.