വിവാഹപ്പിറ്റേന്ന് നവവധുവിനെ പെൺവീട്ടുകാർ തട്ടിക്കൊണ്ട് പോയതായി പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

0
95

കല്യാണപ്പിറ്റേന്ന് പുലർച്ചെ നവവധുവിനെ ഭർത്താവിന്റെ ബന്ധു വീട്ടിൽ നിന്നും പെൺവീട്ടുകാർ തട്ടിക്കൊണ്ട് പോയതായി പൊലീസിൽ പരാതി. ഇടുക്കി അമലഗിരിയിലാണ് സംഭവം. കൊല്ലം പത്തനാപുരം ബ്ലോക്ക് പഞ്ചായത്തംഗം യദുകൃഷ്ണൻ, പെൺകുട്ടിയുടെ അമ്മയുടെ സഹോദരനും യൂത്ത് കോൺഗ്രസ് നേതാവുമായ അനീഷ് ഖാൻ എന്നിവരുൾപ്പെടെ പതിനഞ്ചു പേർക്കെതിരെയാണ് പരാതി. ഇവർക്കെതിരെ വീട്ടിൽ അതിക്രമിച്ചു കയറിയതിനും മർദ്ദിച്ചതിനും തങ്കമണി പൊലീസ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലം പനംപറ്റ സ്വദേശിയായ യുവാവ് മീനം സ്വദേശിയായ പെൺകുട്ടിയെ വീട്ടുകാരെ അറിയിക്കാതെ വിവാഹം കഴിച്ചത്.

 

മിശ്ര വിവാഹമായിരുന്നു. വിവാഹ ശേഷം വിവരം പെൺകുട്ടിയുടെ വീട്ടിൽ അറിയിക്കുകയും ചെയ്തു. പെൺവീട്ടുകാരെ ഭയന്ന് ഇരുവരും ഇടുക്കി അമലഗിരിയിൽ വരന്റെ സഹോദരിയുടെ വീട്ടിലെത്തി. പുലർച്ചെ മൂന്നു മണിയോടെ പെൺകുട്ടിയുടെ അമ്മയുടെ സഹോദരനും യൂത്ത് കോഗ്രസ് നേതാവുമായ അനീഷ് ഖാൻ, പത്തനാപുരം ബ്ലോക്ക് പഞ്ചായത്തംഗം യദുകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘം അമലഗിരിയിലെ വീട്ടിലെത്തി. പെൺകുട്ടിയെ കാണാതായതായി വീട്ടുകാർ കൊല്ലം കുന്നിക്കോട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇടുക്കിയിൽ നിന്നും കൊണ്ടു പോയവർ പെൺകുട്ടിയെ കുന്നിക്കോട് പൊലീസിന് കൈമാറി.

 

പൊലീസ് കുട്ടിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. പെൺകുട്ടിയുടെ ഇഷ്ടമനുസരിച്ച് പോകാൻ അനുവദിക്കാൻ പൊലീസിന് കോടതി നിർദ്ദേശം നൽകി. ബന്ധുവിൻറെ വീട്ടിലാണിപ്പോൾ പെൺകുട്ടിയുള്ളത്. പെൺകുട്ടിയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും പരാതിയിൽ തങ്കമണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തങ്കമണി സിഐയുടെ നേതൃത്വത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പെൺകുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്ന് ഭർത്താവ് പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കളെ ഭയന്നാണ് നാടുവിടേണ്ടി വന്നതെന്നും യുവാവ് വ്യക്തമാക്കി.