ദേശാഭിമാനിയിൽ നിന്നും പിരിഞ്ഞത് 2015ൽ; ഒടുവിൽ സമ്മതിച്ച് മാധവൻകുട്ടി

0
141

തിരുവനന്തപുരം: ഒടുവിൽ താൻ പറഞ്ഞത് കള്ളമാണെന്ന് തുറന്നു സമ്മതിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ മാധവൻകുട്ടി. സരിത വിവാദത്തിനു മുമ്പുതന്നെ താൻ ദേശാഭിമാനിയിൽ നിന്നും രാജിവെച്ചിരുന്നുവെന്നാണ് മാധവൻകുട്ടി ഒടുവിൽ സമ്മതിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടിക്കെതിരെ ലൈം​ഗീക ആരോപണം ഉയ‍ർന്നപ്പോൾ ദേശാഭിമാനി കൺസൾട്ടിങ് എഡിറ്ററായിരുന്ന താൻ അതിനെല്ലാം മൗനാനുവാദം നൽകിയെന്നും അതിൽ ഖേദിക്കുന്നുവെന്നുമാണ് ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടനുബന്ധിച്ച് മാധവൻകുട്ടി ഫേസ്ബുക്കിൽ അവകാശപ്പെട്ടത്. എന്നാൽ മാധവൻ കുട്ടിയുടെ പൊള്ളയായ വാദം നേരറിയാൻ ഡോട്ട് കോം തുറന്നു കാണിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ കുറ്റസമ്മതം.

“ഞാൻ ദേശാഭിമാനിയിലെ സ്ഥാനത്തുനിന്നു പോന്നത് 2015 ഡിസംബർ 30 നാണ് എന്നത് വസ്തുത.” മാധവൻകുട്ടി ഫേസ്ബുക്ക് കുറിപ്പിൽ സമ്മതിക്കുന്നു. ഇന്ത്യൻ എക്സ്പ്രസ് വിട്ട മാധവൻ കുട്ടി ദേശാഭിമാനിയിലെത്തുന്നത് 2010ലാണ്. തുട‌ർന്ന് അഞ്ച് വർഷത്തോളം ദേശാഭിമാനിയിലെ കൺസൾട്ടിങ് എഡിറ്ററായി തുടർന്നു. 2015 ഡിസംബർ 31ന് ഇദ്ദേഹത്തെ നോട്ടീസ് നൽകി പുറത്താക്കുകയും ചെയ്തു. രാജിവെച്ച് മാസങ്ങൾക്കു ശേഷം 2016 ഏപ്രിൽ മൂന്നിനാണ് സരിത അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്കെതിരെ ലൈം​ഗിക ആരോപണം ഉന്നയിക്കുന്നത്.

ദേശാഭിമാനിയിലെ മാധ്യമ പ്രവർത്തകനായ രഘു മാട്ടുമ്മൽ സോളാർ കേസിലെ റിപ്പോർട്ടിങ്ങിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. “സോളാർ അഴിമതി വിഷയത്തിൽ ദേശാഭിമാനി അക്കാലത്ത് കൊടുത്ത ഒരു വാർത്തയിലും ഖേദം പ്രകടിപ്പിക്കേണ്ട ഒന്നുമില്ല.കാരണം അത്രത്തോളം മിതത്വം പാലിച്ചാണ് അന്ന് ഓരോ വാർത്തയും ഞങ്ങൾ കൊടുത്തത്. സോളാർ വിഷയം ആദ്യം മുതൽ ദേശാഭിമാനിയിൽ പ്രധാനമായും കൈകാര്യം ചെയ്ത റിപ്പോർട്ടർ എന്ന നിലയിലാണ് ഇത് തറപ്പിച്ച് പറയുന്നത്. ദേശാഭിമാനി ഒരിക്കൽ പോലും ഉമ്മൻചാണ്ടിക്കെതിരെ സരിത ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങൾ സ്വന്തം നിലയിൽ വാർത്തയാക്കിയിട്ടില്ല.”

എന്നാൽ മാധവൻകുട്ടിയുടെ വാദം നോക്കൂ- “സരിത ” വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗീക ആരോപണത്തിന് അന്ന് ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാന്‍ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു.” അതെങ്ങനെ ശരിയാകും എന്നുള്ളത് മാധവൻകുട്ടി തന്നെ വിശദീകരിക്കേണ്ടതാണ്. ദേശാഭിമാനിയിൽ ഇല്ലാത്ത ഒരാൾ കണ്ടന്റ് പോളിസിയിൽ എങ്ങനെ നിലപാടെക്കും എന്നുള്ളത് ചോദ്യമായി അവശേഷിക്കുന്നു.