നഷ്ടപരിഹാര തുക വാങ്ങി മകന്റെ ഫീസടയ്ക്കണം; ബസിനു മുന്നിൽ ചാടിയ അമ്മയ്ക്ക് ദാരുണാന്ത്യം

0
145

ചെന്നൈ: അപകട മരണത്തിലൂടെ ലഭിക്കുന്ന നഷ്ടപരിഹാര തുകകൊണ്ട് മകന്റെ കോളേജ് ഫീസടയ്ക്കാൻ ബസിനു മുന്നിൽ ചാടിയ 45 കാരിക്ക് ദാരുണാന്ത്യം. സേലം കളക്ടറുടെ ഓഫീസിൽ ശുചീകരണ തൊഴിലാളിയായ പാപ്പാത്തി എന്ന സ്ത്രീയാണ് മരിച്ചത്. തന്റെ മരണത്തിലൂടെ ലഭിക്കുന്ന തുകകൊണ്ട് മകന്റെ കോളേജ് ഫീസടയ്ക്കുകയായിരുന്നു പാപ്പാത്തിയുടെ ലക്ഷ്യം എന്നാണ് റിപ്പോർട്ടുകൾ.

ജൂൺ 28നാണ് പാപ്പാത്തി ബസിനു മുന്നിൽ ചാടി മരിക്കാൻ ശ്രമം നടത്തിയത്. റോഡ് അപകടത്തിൽ മരിച്ചാൽ സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്നാണ് വിവരം. സംഭവം നടന്ന ദിവസം ഇവർ മറ്റൊരു ബസിനു മുന്നിൽ ചാടാനും ശ്രമം നടത്തിയിരുന്നതായി പോലീസ് ഇന്ത്യാ ടുഡെയോട് പറഞ്ഞു.

ആദ്യ ശ്രമത്തിൽ ബസിനു മുന്നിൽ ചാടാനായിരുന്നു പാപ്പാത്തിയുടെ ശ്രമം. എന്നാൽ ഇരുചക്ര വാഹനമാണ് ഇടിച്ചത്. കാര്യമായി ഒന്നും സംഭവിക്കാതിരുന്നതിനെ തുടർന്ന് ഇവർ മറ്റൊരു ബസിനു മുന്നിലേക്ക് ചാടുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് പാപ്പാത്തിയുടെ മരണം.

മകന്റെ ഫീസ് അടയ്ക്കാൻ കഴിയാത്തതിനെ തുട‍ർന്ന് പാപ്പാത്തി വിഷാദ രോ​ഗം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന പാപ്പാത്തി കഴിഞ്ഞ 15 വർഷമായി ഒറ്റയ്ക്കാണ് മക്കളെ വളർത്തുന്നത്.