സംസ്ഥാനത്ത് ഇന്ന് പൊതു അവധി; രണ്ട് ദിവസം ഔദ്യോ​ഗിക ദുഃഖാചരണം

0
190

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുട‍ർന്ന് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസം ഔദ്യോ​ഗികമായി ദുഖം ആചരിക്കും. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അ​ഗാധമായ ദുഃഖം രേഖപ്പെടുത്തി. പൊതുജീവിതത്തിൽ ഒരേകാലത്ത് സഞ്ചരിച്ച ഉമ്മൻ ചാണ്ടിയുടെ വിയോ​ഗം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൊണ്ടയിലെ ക്യാൻസർ ബാധയെത്തുടർന്ന് ബെം​ഗളുരുവിലെ ചിന്മയ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഉമ്മൻ ചാണ്ടിയുടെ മരണം. മകൻ ചാണ്ടി ഉമ്മനാണ് പിതാവിന്റെ വിയോ​ഗവാർത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. “ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടി” എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.