ഉമ്മൻചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ ; തിരുവനന്തപുരത്തും കോട്ടയത്തും പൊതുദര്‍ശനം

0
110

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയിൽ നടക്കും. മൃതദേഹം ഇന്ന് ഉച്ചയോടു കൂടി ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. എയർ ആംബുലൻസിലാകും മൃതദേഹം കേരളത്തിലെത്തിക്കുക. മറ്റൊരു വിമാനത്തിൽ ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളും മടങ്ങിയെത്തും.

ഇന്ന് രാവിലെ 11 മണിയോടു കൂടി ബെംഗളൂരുവിൽ ഉമ്മൻചാണ്ടി താമസിച്ചിരുന്ന ഇന്ദിര നഗറിലെ കോൺഗ്രസ് നേതാവിന്റെ വസതിയിൽ പൊതുദർശനം. അവിടെനിന്ന് തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുപോകും. പിന്നീട് സെക്രട്ടറിയേറ്റിലെ ദർബാർഹാളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരത്തോട് കൂടി സെക്രട്ടറിയേറ്റിന് സമീപത്തെ സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്ത്രീഡലിൽ പൊതുദർശനത്തിന് വെക്കും. ശേഷം കെ.പി.സി.സി ഓഫീസിലും പൊതുദർശനമുണ്ടാകും. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് വിലാപയാത്രയായി തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കോട്ടയത്തേക്ക് പുറപ്പെടും. കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെച്ച ശേഷം രാത്രിയോട് കൂടി പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്കായിരിക്കും സംസ്‌കാരചടങ്ങുകൾ നടക്കുകയെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മാധ്യമങ്ങളെ അറിയിച്ചു. ബംഗളുരുവിൽ ഉമ്മൻചാണ്ടി താമസിച്ചിരുന്ന ഇന്ദിരാനഗറിലെ വസതിയിലും പൊതുദർശനത്തിന് വെക്കും.

മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധിയും മൂന്ന് ദിവസത്തെ ദുഃഖാചരണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പി എസ് സി ഒഴികെ മറ്റ് എം ജി, കുസാറ്റ് സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി. ബാങ്കുകൾക്കും അവധി ബാധകമാണ്.