കോട്ടയം: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി (80) അന്തരിച്ചു (Oommen Chandy Death). ബെംഗളുരു ചിന്മയ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാൻസർ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് പിതാവിന്റെ വിയോഗവാർത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. 4.25നായിരുന്നു മരണം.
2004-06, 2011-16 കാലഘട്ടത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്. തൊണ്ടയിലെ ക്യാൻസർ ബാധയെത്തുടർന്നാണ് ഉമ്മൻ ചാണ്ടിയെ ബെംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം വിദഗ്ധ ഡോക്ടർ സംഘമാണ് ഉമ്മൻ ചാണ്ടിയെ ചികിത്സിച്ചത്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതിനെത്തുടർന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് 2004-2006 വർഷം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുന്നത്. പിന്നീടുള്ള ടേമിൽ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു. തുടർന്ന് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് യുഡിഎഫ് അധികാരത്തിലേറിയത്. ഭരണത്തിന്റെ അവസാനഘട്ടത്തിൽ സോളാർ വിവാദം ഉയർന്നുവന്നത് തിരിച്ചടിയായി.
1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രി, 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രി, 1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും ഉമ്മൻ ചാണ്ടി പ്രവർത്തിച്ചിട്ടുണ്ട്.