പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; 3 പേർ അറസ്റ്റിൽ

0
116

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കാമുകന്റെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. അജ്മീറിൽ നിന്ന് കാമുകനൊപ്പം ഒളിച്ചോടി ജോധ്പൂരിലെത്തിയെ പെൺകുട്ടിയെ മൂന്ന് കോളജ് വിദ്യാർത്ഥികൾ ചേർന്ന് ജെഎൻവിയു കാമ്പസിൽ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അജ്മീർ സ്വദേശിയായ പെൺകുട്ടി കാമുകനൊപ്പം വീട്ടിൽ നിന്ന് ഒളിച്ചോടിയ ശേഷമാണ് ജോധ്പൂരിലെത്തിയത്. ഇരുവരും പ്രായപൂർത്തിയാകാത്തവരാണ്. രാത്രി 10:30 ഓടെ ജോധ്പൂരിലെത്തിയ ഇവർ താമസിക്കാൻ സ്ഥലം അന്വേഷിക്കാൻ തുടങ്ങി. സമീപത്തെ ഹോട്ടലിൽ മുറിയെടുക്കാൻ ശ്രമിച്ചെങ്കിലും, ഹോട്ടൽ ജീവനക്കാർ മോശമായി പെരുമാറിയതിനെ തുടർന്ന് ഇരുവരും തിരികെ ബസ് സ്റ്റാൻഡിലേക്ക് മടങ്ങി.

പിന്നീട് മൂന്ന് പ്രതികൾ, സമന്ദർ സിംഗ്, ധരംപാൽ സിംഗ്, ഭതം സിംഗ് എന്നിവർ ഇവരെ സമീപിക്കുകയും ഭക്ഷണവും, താമസിക്കാൻ സ്ഥലവും കണ്ടെത്തി തരാമെന്ന് വാഗ്ദാനം ചെയ്തു. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പ്രതികൾ, ഇരുവരെയും ജെഎൻവിയു പഴയ കാമ്പസിലെ ഹോക്കി ഗ്രൗണ്ടിൽ എത്തിച്ചു. ഗ്രൗണ്ടിലെത്തിയ ശേഷം വിദ്യാർത്ഥികൾ ആൺകുട്ടിയെ മർദ്ദിക്കാൻ തുടങ്ങി. കാമുകനെ ബന്ദിയാക്കി ഓരോരുത്തരായി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പ്രഭാത നടത്തത്തിന് ആളുകൾ വരാൻ തുടങ്ങിയതോടെ പ്രതികൾ തിടുക്കത്തിൽ ഓടി രക്ഷപ്പെട്ടു. വിവരം ലഭിച്ച പൊലീസ് മൂന്നു മണിക്കൂറിനുള്ളിൽ എല്ലാ പ്രതികളെയും പിടികൂടി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ജോധ്പൂരിലെ ഗണേഷ്പുരയിലെ ഒരു വീട്ടിൽ നിന്നുമാണ് മൂവരെയും കണ്ടെത്തിയത്. പൊലീസിനെ കണ്ട് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണ് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ കാലുകൾക്ക് പൊട്ടലുണ്ടായി, ഒരാൾക്ക് കൈയ്ക്ക് പരിക്കേറ്റു. പെൺകുട്ടിയെ ശല്യം ചെയ്ത ഹോട്ടൽ ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം പ്രതികളിൽ മൂന്ന് പേർ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) പ്രവർത്തകരാണെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇത് എബിവിപി നിഷേധിച്ചു.