കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റപ്പുലികളില്‍ നിന്ന് റേഡിയോ കോളര്‍ നീക്കം ചെയ്യാന്‍ അധികൃതര്‍

0
136

കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റപ്പുലികളില്‍ നിന്ന് റേഡിയോ കോളര്‍ നീക്കം ചെയ്യാന്‍ അധികൃതര്‍. മൂന്ന് ദിവസത്തിനിടെ രണ്ട് ചീറ്റകള്‍ ചത്ത സാഹചര്യത്തിലാണ് മുന്‍കരുതലായി ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികൃതരുടെ നിര്‍ദേശം.

റേഡിയോ കോളറായിരിക്കാം മരണ കാരണമെന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിദഗ്ധര്‍ പറഞ്ഞു. എന്നാല്‍ റേഡിയോ കോളറാണ് മരണകാരണമെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം അറിയിച്ചു.

“നാളെ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേരുന്നുണ്ട്. മഴക്കാലത്ത് റേഡിയോ കോളര്‍ ധരിച്ചത് മൂലം അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മറ്റെന്തെങ്കിലും കാരണമാണൊ എന്നത് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ചത്ത രണ്ട് ചീറ്റകള്‍ക്കും സമാനമായ പ്രശ്നങ്ങളായിരുന്നു ഉണ്ടായിരുന്നത്. റേഡിയോ കോളര്‍ മരണ കാരണമാകണമെന്നില്ല, മരണത്തിലേക്ക് നയിക്കാന്‍ ഇടയാക്കിയ കാരണങ്ങളില്‍ ഒന്നായിരിക്കാം,” മധ്യപ്രദേശ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വന്യജീവി) ജെ എസ് ചൗഹാൻ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് വ്യക്തമാക്കി.

നമീബിയയില്‍ നിന്നെത്തിച്ച ചീറ്റ സഹോദരങ്ങളായ ഗൗരവും ശൗര്യയും സമാന ആരോഗ്യ പ്രശ്നങ്ങള്‍ പ്രകടിപ്പിക്കുന്നതിനാല്‍ എത്രയും വേഗം തന്നെ റേഡിയോ കോളര്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചേക്കും.

“ഗൗരവിനും ശൗര്യക്കും സമാന പ്രശ്നമുള്ളതായി സംശയിക്കുന്നു. നിരീക്ഷണത്തില്‍ നിന്നാണ് ഇക്കാര്യം മനസിലാക്കാനായത്. അവയുടെ റേഡിയോ കോളറുകള്‍ നീക്കം ചെയ്യാന്‍ പോവുകയാണ്. 10 ചീറ്റകളുടേയും റേഡിയോ കോളര്‍ നീക്കം ചെയ്യാനായി ഒരുപാട് സമയം ആവശ്യമാണ്. കൃത്യമായൊരു സമയം പറയാന്‍ സാധിക്കില്ല. റേ‍ഡിയോ കോളര്‍ നീക്കം ചെയ്തതിന് ശേഷം കൃത്യമായ നിരീക്ഷണം ആവശ്യമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളില്‍ നിന്നെത്തിച്ച 20 ചീറ്റപ്പുലികളിൽ അഞ്ചെണ്ണം കുനോ നാഷണൽ പാർക്കിൽ വച്ച് ചത്തതായി മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

മരണങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര ചീറ്റ വിദഗ്ധരുമായും വെറ്ററിനറി ഡോക്ടർമാരുമായും മന്ത്രാലയം കൂടിയാലോചന നടത്തിയിട്ടുണ്ട്. “നിലവിലുള്ള നിരീക്ഷണ പ്രോട്ടോക്കോളുകൾ, സംരക്ഷണം, മാനേജീരിയൽ ഇൻപുട്ടുകൾ, വെറ്റിനറി സൗകര്യങ്ങൾ, പരിശീലനം എന്നിവ വിദഗ്ധർ അവലോകനം ചെയ്യുന്നതായും മന്ത്രാലയം അറിയിച്ചു.