മധ്യപ്രദേശിൽ സ്കൂൾ വിദ്യാർത്ഥിനികളായ സഹോദരിമാർ പീഡനത്തിനിരയായി; പ്രതികളിൽ ബിജെപി നേതാവിന്റെ മകനും

0
144

മധ്യപ്രദേശിൽ സ്കൂൾ വിദ്യാർത്ഥിനികളായ സഹോദരിമാർ പീഡനത്തിനിരയായി. 19ഉം 17ഉം വയസ്സുള്ള പെൺകുട്ടികളെ തട്ടികൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. മൂത്ത സഹോദരി കൂട്ടബലാത്സംഗത്തിനും അനുജത്തി പീഡനത്തിനും ഇരയായി. നാല് പ്രതികളിൽ ഒരാൾ ബിജെപി നേതാവിന്റെ മകനാണ്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ തട്ടകമായ ദാതിയ അസംബ്ലി മണ്ഡലത്തിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സഹോദരിമാർ. ഇതിനിടെ ഇവരെ തട്ടികൊണ്ട് പോവുകയും പ്രതികളിൽ ഒരാളായ രാംകിഷോർ യാദവിന്റെ വീട്ടിൽ എത്തിക്കുകയും ചെയ്തു. ഇവിടെ വച്ച് മൂത്ത സഹോദരിയെ കൂട്ടബലാത്സംഗത്തിനും അനുജത്തിയെ പീഡനത്തിനും ഇരയാക്കി.

സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ സഹോദരിമാർ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതിനിടെ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൂങ്ങി മരിക്കാൻ ശ്രമിച്ച 19 കാരിയെ വീട്ടുകാർ രക്ഷപ്പെടുത്തി. 19 കാരിയെ ചികിത്സയ്ക്കായി ഝാൻസിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ മൂന്ന് പേരെ ഉന്നാവ് അറസ്റ്റ് ചെയ്തു. നാല് പ്രതികളിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്.

മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സഹോദരിമാരുടെ വീട്ടുകാരും നാട്ടുകാരും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.