തിരുവനന്തപുരം വര്‍ക്കലയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ വെട്ടിക്കൊന്നു

0
153

തിരുവനന്തപുരം വര്‍ക്കലയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ വെട്ടിക്കൊന്നു. അയിരൂര്‍ കളത്തറ എംഎസ് വില്ലയില്‍ പരേതനായ നിയാദിന്‍റെ ഭാര്യ ലീന മണിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കുടുംബവഴക്കിനിടെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ ലീന മണിയെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ് വിവരം. ലീനയുടെ ഭര്‍തൃ സഹോദരങ്ങളായ അഹദ്, മുഹ്സിന്‍, ഷാജി എന്നിവരാണ് പ്രതികള്‍. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ലീനയുടെ ഭര്‍ത്താവ് സിയാദ് ഒന്നര വര്‍ഷം മുന്‍പാണ് മരണപ്പെട്ടത്. ശേഷം സിയാദിന്‍റെ പേരിലുള്ള സ്വത്തുവകകള്‍ സഹോദരങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി ആരോപണമുണ്ട്. ഇത് സംബന്ധിച്ച കേസ് കോടതിയില്‍ നടക്കുന്നതിനിടെ ഒന്നരമാസം മുന്‍പ് സഹേദരന്‍ അഹദും കുടുംബവും ലീനയുടെ വീട്ടിലെത്തി താമസം ആരംഭിച്ചു.

ഇതിന് പിന്നാലെ പരാതിക്കാരിയായ ലീനയ്ക്ക് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. കോടതി ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞ ദിവസം പോലീസ് വീട്ടിലെത്തിയിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കം വഴക്കിലേക്കും കൊലപാതകത്തിലേക്കും പ്രതികളെ നയിച്ചെന്നാണ് പ്രാഥമിക നിഗമനം.

വിവാഹത്തിന് പോകാന്‍ ഒരുങ്ങുന്നതിനിടെ ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ ഭര്‍തൃ സഹോദരങ്ങളായ അഹദ്, മുഹ്സിന്‍, ഷാജി എന്നിവര്‍ ലീനയെ കമ്പിപ്പാരക്കൊണ്ട് അടിച്ചും വെട്ടിയും പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ലീനയെ വര്‍ക്കലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അഹദിന്‍റെ ഭാര്യക്കും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് അയല്‍വാസിയുടെ മൊഴി.