ഡല്‍ഹിയില്‍ യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ദുരിതത്തിലായ നിര്‍ധന കുടുംബങ്ങള്‍ക്ക് നേരെ സഹായ ഹസ്തം നീട്ടി ഡല്‍ഹി മലയാളി അസോസിയേഷന്‍. വീടുകള്‍ വെള്ളത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് മറ്റിടങ്ങളിലേക്ക് മാറിയ നൂറിലധികം കുടുംബങ്ങള്‍ക്ക് മലയാളി അസോസിയേഷന്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. ഡിഎംഎ മയുര്‍ വിഹാര്‍ കണ്‍വീനര്‍ ശശി, ജോയിന്റ് കണ്‍വീനര്‍ രഘുനാഥന്‍, മറ്റ് ഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്.
ഡല്‍ഹി കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ ഒന്നാണ് ഇപ്പോള്‍ നടക്കുന്നതെന്നും വീട് നഷ്ടപ്പെട്ട നിസഹായരായ നിരവധി പേരെ കണ്ടപ്പോഴാണ് അവരെ സഹായിക്കാന്‍ തീരുമാനിച്ചതെന്നും ഡല്‍ഹി മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്നു.
യമുനാനദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഡല്‍ഹി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ദ്വാരകയില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്നു യുവാക്കള്‍ മരിച്ചു. ഡല്‍ഹിയിലും ഹരിയാനയിലും ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളില്‍ എന്‍ഡിആര്‍എഫിന്റെ രക്ഷാപ്രവര്‍ത്തനം തുടരുന്നു. മഴയെത്തുടര്‍ന്ന് ചില റോഡുകളില്‍ വെള്ളക്കെട്ടും മരങ്ങള്‍ കടപുഴകി വീണും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്