ലോറിയിലെ കയർ കുരുങ്ങി മധ്യവയസ്കൻ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ കേസ്

0
100

ലോറിയിലെ കയർ കുരുങ്ങി മധ്യവയസ്കൻ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു. അപകടമുണ്ടായത് ഡ്രൈവറുടെ അശ്രദ്ധമൂലമാണെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട് സ്വദേശി ജീവ രാജുവിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തു.

കോട്ടയം സംക്രാന്തി കവലയിൽ ഇന്നു വെളുപ്പിനെയാണ് ജീവ രാജു ഓടിച്ചിരുന്ന ലോറിയിലെ കയർ കുരുങ്ങി കാൽനട യാത്രക്കാരൻ മരിച്ചത്. വഴിയാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു. സംക്രാന്തിയിലെ ഡ്രൈ ക്ലീനിങ് കടയിലെ ജീവനക്കാരനായിരുന്ന കട്ടപ്പന അമ്പലക്കവല സ്വദേശിയായ മുരളിയാണ് മരിച്ചത്. സംക്രാന്തിയിലെ ഡ്രൈ ക്ലീനിങ് കടയുടമയുടെ വീടിനോട് ചേർന്നാണ് ഇയാൾ താമസിച്ചിരുന്നത്.

ലോറിയിലെ കയർ വന്നടിച്ച് പെരുമ്പായിക്കാടു സ്വദേശികളായ ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു. ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളിൽ വീട്ടമ്മയുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. പാറപ്പുറം ക്ഷേത്രത്തിലെ പൂജാരിക്കും പരിക്കറ്റു. ഇയാൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഈ രണ്ട് അപകടങ്ങൾക്ക് ശേഷമാണ് മുരളിയുടെ മേൽ കയർ കുരുങ്ങിയത്. ലോറി ജീവനക്കാർ ഇക്കാര്യം അറിഞ്ഞില്ലെന്നാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.