ജോലിയില്ലാത്തവനെന്ന് പരിഹസിച്ചതിന് പിതാവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് മകൻ

0
187

ജോലിയില്ലാത്തവനെന്ന് പരിഹസിച്ചതിന് പിതാവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് മകൻ. വ്യാഴാഴ്‌ച രാത്രിയാണ് 20 വയസുകാരൻ പിതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നത്. ബാലസുബ്രഹ്മണി ആണ് മരിച്ചത്. ജോലിയില്ലാത്തവനാണെന്ന് പിതാവ് പരിഹസിച്ചതിൽ പ്രകോപിതനായാണ് ജബരീഷ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

മരിച്ച ബാലസുബ്രമണി ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കാരനാണെന്നും എല്ലാ ദിവസവും മദ്യപിച്ച് വീട്ടിലെത്തുമായിരുന്നുവെന്നും പോലീസ് പറയുന്നു. ഭാര്യയ്ക്കും രണ്ട് മക്കൾക്കും ഒപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് കോളേജ് പഠനം പൂർത്തിയാക്കിയ ജബരീഷ് ജോലി അന്വേഷിച്ച് വരികയായിരുന്നു.

പരിഹാസങ്ങൾ ജബരീഷിനെ രോഷാകുലനാക്കുകയും ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് പിതാവിനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അമ്മയും സഹോദരിയും തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പോലീസ് പറഞ്ഞു. ബാലസുബ്രഹ്മണി ബോധരഹിതനായി വീണതോടെ ജബരീഷ് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസ് എത്തി. ബാലസുബ്രമണി മരിച്ചതായി ആംബുലൻസ് ജീവനക്കാർ അറിയിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. വെള്ളിയാഴ്ച ജബരീഷ് പോലീസിന് മുന്നിൽ കീഴടങ്ങി.