നവതിയുടെ നിറവിൽ എം ടി വാസുദേവൻ നായർ

0
224

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്ക് ഇന്ന് നവതി. വള്ളുവനാടിന്റെ ലാളിത്യവും നൻമയുമുള്ള ഭാഷയുമായി മലയാള സാഹിത്യ ലോകത്തേക്ക് ചേക്കേറിയ എം ടിയുടെ മിക്ക കഥാപാത്രങ്ങളും നമുക്കൊപ്പം ജീവിക്കുന്നു.

മലയാള ഭാഷയെയും മലയാളിയുടെ ഭാവനയെയും പരിപോഷിപ്പിച്ച തൊണ്ണൂറു വർഷങ്ങളാണ് കടന്നുപോയത്. ആസ്വാദകർക്ക് വായനയുടെ പുതു വാതായനങ്ങൾ തുറന്നിട്ട് ഭാഷയുടെ തറവാട്ട് മുറ്റത്ത് വിഹരിക്കുന്ന എം ടി ഇന്നും ഊർജസ്വലനാണ്. വായനക്കാർക്ക് അനുഭവിക്കാനായി ഭാഷ മൃദുവായ ചർമ്മം പോലെയാവണമെന്ന് ഉദ്ഘോഷിച്ച എം ടി ലളിത ഭാഷയുടെ പ്രായോക്താവും പ്രചാരകനുമായിരുന്നു.

ദാരിദ്ര്യം കാർന്ന് തിന്ന പുന്നയൂർകുളത്തേയും കൂടല്ലൂരെയും ബാല്യകാലമാണ് എംടിക്കുള്ളത്. വിക്ടോറിയ കോളജിന്റെ പൈതൃക മുറ്റത്തു നിന്നും രസതന്ത്രത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ച് അധ്യാപനത്തിന്റെ വഴി തെരഞ്ഞെടുത്തപ്പോളും സർഗാത്മകതയുടെ ലോകത്തോട് വല്ലാത്ത അഭിനിവേശമായിരുന്നു എംടിക്ക്. പത്രപ്രവർത്തനം എംടിക്ക് സാഹിത്യത്തോട് അടുക്കാനുള്ള മറ്റൊരു മാർഗമായിരുന്നു. എഴുത്തുകാരനായി ചുവടു വച്ച് പിന്നീട് ചലച്ചിത്ര മേഖലക്ക് എംടി നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.

കഥാപാത്രങ്ങളുടെ തെരെഞ്ഞെടുപ്പും സൃഷ്ടിയും എംടി നടത്തുന്നത് തികച്ചും അവിശ്വസനീയമായ രീതിയിലാണ്. തിരസ്‌കരിക്കപ്പെട്ടവരും, എല്ലാം നഷ്ടപ്പെടുന്നവരും എല്ലായ്‌പ്പോഴും ആ തൂലികക്ക് വിഷയമായി.
മലയാളിയുടെ കുടുംബ – വൈവാഹിക ജീവിതങ്ങളെ വരച്ചിട്ട മൂന്നു പ്രധാന നോവലുകൾ ഉണ്ടായിട്ടുണ്ട് എംടിയിൽ നിന്ന്. ജാതി ഭ്രാന്തിന്റെ കാലത്തെ വെല്ലുവിളിച്ച അസുരവിത്ത്, ക്ഷയിച്ചു തുടങ്ങിയ തറവാട്ട് വീടിന്റെ കഥകൾ പറഞ്ഞ നാലുകെട്ട് , സേതുവിന്റെ യൗവത്തിലൂടെ സഞ്ചരിച്ച കാലം…ഇങ്ങനെ നീളുന്നു മലയാളികൾ നെഞ്ചോടടുക്കിയ എംടി പ്രമേയങ്ങൾ. മഹാഭാരതത്തെ ഭീമന്റെ കാഴ്ചപ്പാടിലൂടെ നോക്കിക്കണ്ട രണ്ടാമൂഴം നിരവധി ആസ്വാദകർക്ക് ജീവിതത്തിൽ പുതു പ്രതീക്ഷകൾ നൽകി.

മനുഷ്യ മനസ്സുകളുടെ സങ്കീർണതകളെ കീറിമുറിച്ച ഒരു എഴുത്തുകാരൻ ഉണ്ടായിട്ടുണ്ടെങ്കിൽ അതിലൊരാളാണ് എം ടി. മനസ്സിന്റെ ആഴക്കയങ്ങളിൽ അപൂർവമായ അന്വേഷണങ്ങൾ നടത്തിയിട്ടുള്ള നിരവധി രചനകൾ അദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞിട്ടുണ്ട്.സ്വയം കഥാപാത്രമായി രൂപാന്തരപ്പെട്ട് എംടി എഴുതിയ പല കഥകളും നമ്മെ കരയിപ്പിച്ചു. ഓപ്പോളും നിന്റെ ഓർമക്കും ആ ഗണത്തിൽപ്പെടുന്നവയാണ് .

മുറപ്പെണ്ണ് എന്ന സിനിമക്ക് തിരക്കഥ രചിച്ചു കൊണ്ടാണ് എം ടി മലയാള ചലച്ചിത്രലോകത്തെത്തുന്നത്. സംവിധാനം ചെയ്തത് ഏഴു സിനിമകൾ. രചിച്ചത് അമ്പത്തിനാലോളം തിരക്കഥകൾ. കലാമൂല്യവും ജനപ്രീതിയും ആവോളമുണ്ടായിരുന്നവയായിരുന്നു അവയിൽ മുഖ്യ പങ്കും. പച്ചയായ ജീവിത യാഥാർഥ്യങ്ങളായിരുന്നു മിക്ക തിരക്കഥകളുടെയും മുഖ മുദ്ര. തന്റെ തന്നെ ചെറുകഥയെ ആസ്പദമാക്കി എഴുതി സംവിധാനം ചെയ്ത നിർമാല്യം എന്ന പരീക്ഷണസിനിമ ആചാരാ – അനാചാരങ്ങൾ വേർതിരിഞ്ഞു വരുന്ന കാലത്ത് എടുത്ത അപൂർവ ചിത്രമായിരുന്നു. ചരിത്രത്തിൽ ചതിയാണെന്ന് എന്ന രേഖപ്പെടുത്തിയ ചന്തുവിന്റെ ചരിതം മനോധർമ്മമൊപ്പിച്ചു വളച്ചൊടിച്ചു നടത്തിയ കഥാപാത്ര സൃഷ്ടി ആ ഭാവനയുടെ അതിരുകളില്ലായ്മയെ സൂചിപ്പിക്കുന്നു. ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, നിർമ്മാല്യം, നഖക്ഷതങ്ങൾ, ഒരു വടക്കൻ വീരഗാഥ തുടങ്ങിയവ അഭ്രപാളിയിലെ നിത്യ വിസ്മയങ്ങളായിരുന്നു.