തൃക്കാക്കര വൈസ് ചെയര്‍മാന്‍ എ എ ഇബ്രാഹിം കുട്ടിക്കെതിരെയുള്ള അവിശ്വാസ പ്രമേയം പാസായി

0
157

തൃക്കാക്കര വൈസ് ചെയര്‍മാന്‍ എ എ ഇബ്രാഹിം കുട്ടിക്കെതിരെയുള്ള അവിശ്വാസ പ്രമേയം പാസായി. എല്‍ഡിഎഫ് പിന്തുണയില്‍ സ്വതന്ത്രരാണ് പ്രമേയം കൊണ്ടുവന്നത്. മുസ്ലിംലീഗുകാരനായ ഇബ്രാഹിം കുട്ടിക്കെതിരെ സ്വന്തം പാര്‍ടിയിലെ മൂന്ന് കൗണ്‍സിലര്‍മാരും വോട്ട് ചെയ്തു.

ലീഗ് അംഗങ്ങളായ പി എം യൂനസ്,ടി ജി ദിനൂപ് , ഷിമി മുരളി, സ്വതന്ത്ര കൗണ്‍സിലര്‍മാരായ ഓമന സാബു , വര്‍ഗ്ഗീസ് പ്ലാശ്ശേരി എന്നിവരാണ് അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്തത്. അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കും മുമ്പ് വൈസ് ചെയര്‍മാന്‍ പദവി രാജിവയ്ക്കണമെന്ന ലീഗ് ജില്ലാ നേതൃത്വത്തിന്റെ അന്ത്യശാസനം ഇബ്രാഹിം കുട്ടി തള്ളിയിരുന്നു.

43 അംഗ കൗണ്‍സിലില്‍ കോണ്‍ഗ്രസ് 16, സി പി ഐ എം 15, സി പി ഐ 2, ലീഗ് 5, സ്വതന്ത്രര്‍ 5 എന്നിങ്ങനെയാണ് കക്ഷിനില. എല്‍ഡിഎഫിലെ 17 പേരും എല്‍ഡിഎഫിനൊപ്പമുള്ള സ്വതന്ത്ര അംഗം പി സി മനൂപ്, ലീഗിലെ മൂന്നു അംഗങ്ങള്‍, രണ്ട് സ്വതന്ത്രരും അവിശ്വാസത്തെ പിന്തുണച്ചു.

കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും അവിശ്വാസം നല്‍കിയ രണ്ട് സ്വതന്ത്രരും വിട്ടുനിന്നു. ലീഗിലെ ധാരണ പ്രകാരം രണ്ടര വര്‍ഷം കഴിഞ്ഞ് വൈസ് ചെയര്‍മാന്‍ സ്ഥാനം ലീഗിലെ പി എം യൂനസിന് കൈമാറണമെന്നായിരുന്നു. ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്റെ രാജി വൈകിയതിനെ തുടര്‍ന്നാണ് ഇബ്രാഹിം കുട്ടിയുടെ രാജിയും നീണ്ടത്.