തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച് കടന്നയാളെയും പെൺകുട്ടിയെയും കണ്ടെത്തി

0
118

റെയില്‍വേ സ്റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ അംഗത്തെ ആക്രമിച്ച് പെണ്‍കുട്ടിയെ കടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവിനെയും പെണ്‍കുട്ടിയെയും പുതുക്കാട് കണ്ടെത്തി. ഛത്തീസ്ഗഢ് സ്വദേശി 20 വയസ്സുള്ള ദീപക് കുമാര്‍ സിങാണ് പുതുക്കാട് പോലീസിന്‍റെ പിടിയിലായത്. ഒപ്പമുള്ള പെണ്‍കുട്ടിയേയും കണ്ടെത്തി.

വ്യാഴാഴ്ച രാവിലെ 10ന് തൃശൂർ റെയില്‍വെ സ്റ്റേഷനിലെ ചൈൽഡ് ലൈൻ ഓഫീസില്‍ നിന്നുമാണ് യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കൗണ്‍സിലിങ്ങിനെത്തിച്ച ചൈല്‍ഡ് ലൈന്‍ ജീവനക്കാരെ ആക്രമിച്ചാണ് 16കാരിയെ തട്ടിക്കൊണ്ടുപോയത്.കഴിഞ്ഞ ദിവസം റെയില്‍വെ സ്റ്റേഷനിലെത്തിയ ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ യുവാവിന്റെ സമീപത്തുനിന്ന് മാറ്റി.

പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കാന്‍ തയ്യാറെടുപ്പ് നടത്തുന്നതിനിടെ ചൈല്‍ഡ് ലൈന്‍ ഓഫീസിലെത്തിയ യുവാവ് ബിയര്‍കുപ്പി പൊട്ടിച്ച് ആക്രമിച്ച് ചൈല്‍ഡ് ലൈന്‍ ജീവനക്കാരിയുടെ കയ്യിൽ മുറിവേല്‍പ്പിച്ച ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുമായി ട്രെയിനില്‍ കയറിയത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരില്‍ ചിലര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി.

ഇതോടെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് ഇയാള്‍ കുട്ടിയെയും കൊണ്ട് കടക്കുകയായിരുന്നു. ഇവരെ തടയാനായി പോര്‍ട്ടര്‍മാര്‍ എത്തി.ഇതോടെ പൊട്ടിച്ച ബിയര്‍ കുപ്പി കുട്ടിയുടെ കഴുത്തില്‍വെച്ച് ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇവരെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനിടയിലാണ് പ്രതിയേയും കുട്ടിയേയും പുതുക്കാട് നിന്നും കണ്ടെത്തുന്നത്.