വാളയാറിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച നാൽപ്പത് ലക്ഷത്തിലധികം രൂപ എക്സൈസ് പിടികൂടി

0
217

പാലക്കാട് വാളയാറിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച നാൽപ്പത് ലക്ഷത്തിലധികം രൂപ എക്സൈസ് പിടികൂടി. ചാലക്കുടി സ്വദേശി ബിജീഷിനെയാണ് വാഹന പരിശോധനയ്ക്കിടെ എക്സൈസ് പിടികൂടിയത്. സ്വർണ കച്ചവടവുമായി ബന്ധപ്പെട്ട് കടത്തിയ പണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ വാളയാർ ചെക്പോസ്റ്റിൽ നടത്തിയ പതിവ് വാഹന പരിശോധനയിലാണ് കള്ളപ്പണവുമായി എത്തിയ യുവാവിനെ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്ക് സ്വകാര്യ ബസിൽ കടത്തുകയായിരുന്ന പണമാണ് എക്സൈസ് കണ്ടെത്തിയത്. തൃശൂരിൽ ഇറങ്ങി കാത്തു നിൽക്കുന്നയാളിന് പണം കൈമാറുകയായിരുന്നു ലക്ഷ്യം.

ജോലി സംബന്ധമായ ആവശ്യത്തിന് കോയമ്പത്തൂരിൽ പോയി മടങ്ങുന്നുവെന്നായിരുന്നു ബിജീഷിന്റെ ആദ്യ പ്രതികരണം. എന്നാൽ വസ്ത്രം പുറത്തേക്കെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ബിജീഷ് വിസമ്മതിച്ചു. ഇതോടെ ഉദ്യോഗസ്ഥർ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് നോട്ട് കെട്ടുകൾ കണ്ടെടുത്തത്. രേഖ ആവശ്യപ്പെട്ടപ്പോൾ ഒന്നും കയ്യിലില്ലെന്ന് മറുപടി നൽകിയതോടെ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കമ്മിഷൻ മോഹിച്ച് പണം കടത്തുന്ന സംഘത്തിലെ കണ്ണിയെന്നാണ് ബിജീഷ് എന്നാണ് പ്രാഥമിക നിഗമനം. പ്രതിയെയും പിടികൂടിയ പണവും എക്സൈസ് വാളയാർ പൊലീസിന് കൈമാറി. ഫോൺ രേഖകൾ പരിശോധിച്ച് സംഘത്തിലെ കൂടുതൽ ആളുകളെ കണ്ടെത്താനാണ് പൊലീസ് ശ്രമം.