23,000 കോടിയുടെ ധാരാവി നവീകരണം അദാനി ഗ്രൂപ്പിന്; അനുമതി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

0
123

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ 23,000 കോടി രൂപ ചെലവിട്ട് നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല അദാനി ഗ്രൂപ്പിന്. അദാനി പ്രൊപ്പര്‍ട്ടീസ് സമര്‍പ്പിച്ച പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.

ധാരാവി നവീകരണത്തിനായുള്ള ടെണ്ടര്‍ എട്ട് മാസം മുമ്ബ് അദാനി നേടിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ നവംബറിലാണ് ധാരാവിയുടെ വികസനത്തിനായി സര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചത്. 5069 കോടിക്കാണ് അദാനി പദ്ധതി സ്വന്തമാക്കിയത്. ശ്രീ നമാൻ ഡെവലപേഴ്സ്, ഡി.എല്‍.എഫ് എന്നീ കമ്ബനികളും പദ്ധതിക്കായി രംഗത്തുണ്ടായിരുന്നെങ്കിലും അദാനിയാണ് കൂടുതല്‍ തുക മുടക്കാൻ തയാറായത്.

23,000 കോടിയുടെ പദ്ധതിയുടെ ആദ്യഘട്ടം ഏഴ് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. 17 വര്‍ഷത്തിനുള്ളിലാണ് പദ്ധതി പൂര്‍ത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. വികസനത്തിനായി പ്രത്യേക സ്ഥാപനം രൂപീകരിക്കും. കഴിഞ്ഞ 15 വര്‍ഷത്തിനിടെ നാല് തവണയെങ്കിലും ധാരാവിയുടെ വികസനത്തിനായി ലേലത്തിനുള്ള ടെൻഡര്‍ വിളിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നില്ല.

2.8 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ പത്തുലക്ഷത്തിലധികം ജനങ്ങള്‍ പാര്‍ക്കുന്നുണ്ട്. പദ്ധതിയിലൂടെ, നഗരത്തെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെ പുന:സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി, ചേരി നിവാസികളും വാണിജ്യ സ്ഥാപനങ്ങളുള്ളവരുമടക്കം 68,000 പേരെ പുനരധിവസിപ്പിക്കേണ്ടിവരും.