വൻതാരനിരയുമായി വിനീത് ശ്രീനിവാസൻ്റെ ‘വർഷങ്ങൾക്കുശേഷം’ വരുന്നു

0
143

വൻതാരനിരയുമായി വിനീത് ശ്രീനിവാസൻ്റെ വർഷങ്ങൾക്കുശേഷം വരുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ‘വർഷങ്ങൾക്കുശേഷം’ എന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ സംസാരവിഷയം. മെറിലാൻഡ് ആണ് ചിത്രത്തിന്റെ നിർമാതാക്കൾ.

മലയാള സിനിമയിലെ യൂത്തന്മാരായ താരങ്ങളുടെ വലിയൊരു നിര തന്നെ ചിത്രത്തിനായി കൈകോർക്കുന്നു എന്നതാണ് മറ്റൊരു കൗതുകം. പ്രണവിനൊപ്പം ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നിരജ് മാധവ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ, നിവിൻ പോളി എന്നിവരും ചിത്രത്തിലുണ്ട്. ഇതെന്താ യൂത്തന്മാരുടെ സംസ്ഥാനസമ്മേളനമോ എന്നാണ് ആരാധകർ തിരക്കുന്നത്. എന്തായാലും മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങൾ ഒന്നിച്ചെത്തുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.

രസകരമായ കമന്റുകളാണ് വിനീതിന്റെ പോസ്റ്റിനു താഴെ നിറയുന്നത്. ധ്യാനും വിനീതും വീണ്ടും ഒന്നിച്ചു കൈകോർക്കുന്നതിന്റെ സന്തോഷമാണ് ചിലർ പ്രകടിപ്പിക്കുന്നത്. “ഏട്ടനും അനിയനും കൂടെ ഒന്നിക്കുമ്പോൾ ഇനി ഇവിടെ നടക്കാൻ പോവുന്നത് വിപ്ലവം. കേരളം കണ്ട ഏറ്റവും വലിയ പ്രമോഷൻ ഈ പടം ഇറങ്ങുമ്പോൾ ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂവിലൂടെ,” എന്നാണ് ഒരാളുടെ കമന്റ്.

അതേസമയം, പ്രണവിന്റെ ഊരുചുറ്റലും കമന്റുകളിൽ സംസാരവിഷയമാവുകയാണ്.
“വിശാഖ്: വിനീതേ അപ്പോൾ എല്ലാം ഓക്കേ അല്ലെ. കാസ്റ്റിംഗ് ഒക്കെ സെറ്റ് ആയല്ലോ, ബഡ്ജറ്റും റെഡി.
വിനീത്: പ്രധാന പ്രശ്നം അതൊന്നുമല്ല.
വിശാഖ്: ഇനിയെന്ത് പ്രശ്നം?
വിനീത്: എടോ ആ ചെറുക്കനെ തപ്പി കണ്ടു പിടിക്കണ്ടേ. അവൻ എവിടെയാണാവോ?” എന്നാണ് മറ്റൊരു രസികന്റെ കമന്റ്.