കൈവെട്ട് കേസ്; 5 പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കും; എന്‍ഐഎ

0
179

തൊടുപുഴ ന്യൂ മാൻ കോളജിലെ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ എൻ ഐ എ കോടതി വിധിക്കെതിരെ എൻ ഐ യെ ഹൈക്കോടതിയെ സമീപിക്കും. 5 പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കും. മൂന്ന് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം വീതം ശിക്ഷ നല്‍കിയതും ചോദ്യം ചെയ്യും. 8 പേർക്ക് ശിക്ഷ പരമാവധി വാങ്ങിക്കൊടുക്കണമെന്നാണ് തീരുമാനം. അടുത്തയാഴ്ച അപ്പീല്‍ സമര്‍പ്പിക്കാനാണ് സാധ്യത.

കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.രണ്ടാം പ്രതി സജിൽ , മൂന്നാം പ്രതി നാസർ ,അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്. ഒമ്പതാം പ്രതി നൗഷാദ്,പതിനൊന്നാം പ്രതി, മൊയ്തീൻ,പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവർക്ക് മൂന്ന് വർഷം തടവും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി പ്രതികൾ എല്ലാവരും ചേർന്ന് നാല് ലക്ഷം രൂപ ടി.ജെ ജോസഫിന് നൽകണം.നേരത്തെ പ്രഖ്യാപിച്ച പിഴക്ക് പുറമെയാണ് ഈ തുക നൽകേണ്ടത്.

കൊച്ചിയിലെ എന്‍.ഐ.എ കോടതി ജഡ്ജി അനിൽ ഭാസ്ക്കറാണ് ശിക്ഷ വിധിച്ചത്. പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പേരിൽ മൂന്ന് പേർക്കെതിരെ ചുമത്തിയിട്ടുള്ളത്.

രണ്ടാം പ്രതി സജിൽ 2,85,000 രൂപയും എം.കെ നാസറും നജീബും ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപ വീതവും പിഴ ഒടുക്കണം. കേസിലെ മറ്റ് പ്രതികളായ എം.കെ നൗഷാദ്, പി എം അയൂബ്, മൊയ്തീൻ കുഞ്ഞ് എന്നിവർക്ക് ഇരുപതിനായിരം രൂപ വീതം പിഴ നല്‍കണം.