പ്രഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

0
165

തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്ന് പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി എം കെ നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്ന് പ്രതികളും 50,000 രൂപ പിഴയും അടയ്ക്കണം. പ്രതികള്‍ക്കെതിരെ യുഎപിഎ കുറ്റം നിലനില്‍ക്കുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കൊച്ചിയിലെ എന്‍ഐഐ കോടതിയാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്.

സജില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളെന്നും മൂന്നാം പ്രതി നാസറാണ് കൈവെട്ടിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്നും കോടതി കണ്ടെത്തി. കേസിലെ 9,11,12 പ്രതികളായ നൗഷാദും മൊയ്തീന്‍ കുഞ്ഞും അയൂബും മൂന്ന് വര്‍ഷം വീതം തടവ് ശിക്ഷ അനുഭവിക്കണം.

പ്രതികള്‍ എല്ലാവരും ചേര്‍ന്ന് നാല് ലക്ഷം രൂപ പ്രൊ. ടി ജെ ജോസഫിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നേരത്തേ കോടതി പറഞ്ഞ പിഴയ്ക്ക് പുറമേയാണ് ഈ തുക നല്‍കേണ്ടത്. കൃത്യം നടത്തിയ ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് നൗഷാദ്, അയ്യൂബ്, മൊയ്തീന്‍ കുഞ്ഞ് എന്നിവര്‍ക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

2010 മാര്‍ച്ച് 23ന് രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ചായിരുന്നു ടി ജെ ജോസഫിന് നേരെ ആക്രമണം നടന്നത്. പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന, 143 ആയുധം കൈവശം വെച്ചതിനു, ഒളിവില്‍ പോയത്, കാറിന് നാശം വരുത്തിയത്, പ്രൊഫസര്‍ ആയുധം ഉപയോഗിച്ച് ആക്രമിക്കുക, വധശ്രമം അടക്കം വിവിധ വകുപ്പുകള്‍ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയ്യൂബ് എന്നിവര്‍ പ്രതികളെ ഒളിപ്പിച്ചു, തെളിവ് മറച്ചു വെച്ചു എന്നീ കുറ്റങ്ങള്‍ ചെയ്തു. മറ്റ് കുറ്റങ്ങള്‍ ഇല്ല. അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, ഷഫീക്ക്, മന്‍സൂര്‍ എന്നിവരെ വെറുതെ വിട്ടു.